Skip to main content

 പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം:  പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സി-വിജില്‍ ആപ്പ്  

 

    പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷനും ജില്ലാ ഭരണകൂടത്തിനും വിവരം നല്‍കാവുന്ന അപ്ലിക്കേഷനായ സി -വിജില്‍ സംബന്ധിച്ച് അക്ഷയ സംരംഭകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിക്ക് സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ പരിശീലകന്‍ ഷാനവാസ് ഖാന്‍ നേതൃത്വം നല്‍കി. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനാണ് സി വിജില്‍ അഥവാ സിറ്റിസണ്‍ വിജില്‍. പൊതുജനങ്ങളിലേക്ക് അപ്ലിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എത്തിക്കുന്നതിനെപ്പറ്റിയും കൈകാര്യം ചെയ്യേണ്ട രീതിയെപ്പറ്റിയും പരിപാടിയില്‍ വിശദീകരിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും എളുപ്പത്തില്‍ പരാതി നല്‍കാന്‍ കഴിയുന്ന രീതിയാണ് ഇതെന്നും എന്നാല്‍ ഇതുവരെ വളരെ കുറഞ്ഞ പരാതികളെ ലഭിച്ചിട്ടുള്ളൂവെന്ന് ക്ലാസ്സെടുത്ത ഷാനവാസ് ഖാന്‍ പറഞ്ഞു. ജില്ലാ നിയമ ഓഫീസര്‍ ജ്യോതി, ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍ എന്നിവര്‍ പങ്കെടുത്തു. 
സി.വിജിലില്‍ എങ്ങനെ പരാതി നല്‍കാം
    അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പരാതിക്കാരന് തന്‍റെ ഐഡന്‍റിറ്റി വ്യക്തമാക്കിയോ അല്ലാതെയോ സ.വിജില്‍ അപ്ലിക്കേഷന്‍ വഴിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാം. പെരുമാറ്റചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്ലിക്കേഷന്‍ വഴിതന്നെ ഫോട്ടോ/വീഡിയോ എടുത്ത് അഞ്ച് മിനിറ്റിനകം തന്നെ അപ്ലോഡ് ചെയ്താല്‍ മാത്രമേ പരാതി നല്‍കാനാവൂ. നേരത്തേ ഗാലറിയില്‍ സേവ് ചെയ്ത ഫോട്ടോ, വീഡിയോ എന്നിവ അപ്ലോഡ് ചെയ്യാന്‍ സാധിക്കില്ല. വിവരങ്ങള്‍ നല്‍കുന്ന സമയത്ത് ഫോണില്‍ ജി പി എസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതുവഴി തെളിവും കൃത്യമായ സമയവും സ്ഥലവും ഉള്‍പ്പെടെ പരാതി ഐ.ടി സെല്ലില്‍ പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കും. പരാതി ലഭിച്ച് അഞ്ച് മിനിറ്റിനകം ജില്ലാ കലക്ടര്‍ ഇന്‍വെസ്റ്റിഗേറ്റിങ് സ്ക്വാഡിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും 15 മിനിറ്റിനകം സ്ക്വാര്‍ഡ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്യും. 30 മിനിറ്റിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സ്ക്വാഡ് റിപ്പോര്‍ട്ട് നല്‍കുകയും 50 മിനിറ്റിനുള്ളില്‍ റിട്ടേണിംഗ് ഓഫീസര്‍ പരാതിക്കാരന് അന്വേഷണം നടത്തിയത് സംബന്ധിച്ച് അപ്ലിക്കേഷന്‍ വഴി മറുപടി നല്‍കുകയും ചെയ്യും. പരാതിക്കാരനെയും പരാതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ അപ്ലിക്കേഷന്‍ വഴി മറ്റാര്‍ക്കും ലഭിക്കാത്തവിധം സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ട്. 
സി- വിജില്‍: മറുപടി 100 മിനിറ്റിനുള്ളില്‍ 
    തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം സംബന്ധിച്ചോ സ്ഥാനാര്‍ത്ഥിയോ രാഷ്ട്രീയ പാര്‍ട്ടികളോ പ്രചാരണത്തിന് അധിക തുക ചെലവഴിക്കുന്നത് സംബന്ധിച്ചോ പൊതുജനങ്ങള്‍ക്ക് സി- വിജില്‍ അപ്ലിക്കേഷന്‍ വഴി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഐ ടി സെല്ലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്കാണ് അപ്ലിക്കേഷന്‍ വഴി വിവരങ്ങള്‍ ലഭിക്കുക. റവന്യൂ വകുപ്പ്, ഐ ടി മിഷന്‍, ഐ കെ എം (ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍), എന്‍ ഐ സി എന്നിവയുടെ സഹകരണത്തോടെയാണ് സി -വിജിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിന് ശേഷം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരന് മറുപടി ലഭ്യമാകും. 

date