Skip to main content

ജില്ലയിലെ പ്രളയബാധിത റോഡുകളുടെ അറ്റകുറ്റപണികള്‍  മഴ നീങ്ങിയാല്‍  പുനരാരംഭിക്കും 

പ്രളയത്തില്‍ തകര്‍ന്ന  ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ മഴ നീങ്ങിയാല്‍ ഉടന്‍ പുനരാരംഭിക്കുമെന്നും  അവ ഡിസംബര്‍ 31 നകം പൂര്‍ത്തീകരിച്ച് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കുമെന്നും മഞ്ചേരി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഗീത അറിയിച്ചു.  പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളാണ്  പുനഃസ്ഥാപിക്കുക.  പ്രളയത്തില്‍ ഡിവിഷനു കീഴില്‍ തകര്‍ന്ന 132 റോഡുകളും പുനഃസ്ഥാപിക്കുന്നതിന്റെ ടെന്‍ഡര്‍ നടപടികളായി. കേടുപാടുകള്‍ വന്ന ഭാഗങ്ങളാണ് ഉടന്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്. 
ജില്ലയിലെ 16 മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 10.7 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 21.5 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. തൃശൂര്‍ -കുറ്റിപ്പുറം, പെരുമ്പിലാവ് -നിലമ്പൂര്‍, കോഴിക്കോട്- നിലമ്പൂര്‍ - ഗൂഡല്ലൂര്‍ റോഡുകള്‍ എന്നിവയാണ് അറ്റകുറ്റപണികള്‍ നടത്തുന്ന ജില്ലയിലെ പ്രധാന റോഡുകള്‍. പൊതുമരാമത്ത് വകുപ്പിന്റെ കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലെ റോഡുകളുടെ അറ്റകുറ്റപണികളും നടക്കും. റോഡ് നിര്‍മാണത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യയും രീതികളും ഉപയോഗിക്കും. പുതിയ റോഡുകളുടെ നിര്‍മാണവും നിലവിലെ റോഡുകളുടെ അറ്റകുറ്റപണികളും വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നടക്കുക.
മണ്ണിടിച്ചിലും വെള്ളക്കെട്ടുമൂലം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ നിലമ്പൂര്‍ മേഖലയിലെ വഴിക്കടവ്-നാടുകാണിചുരംറോഡ് (11.60 കി.മീ.), അകംപാടം-പാതാര്‍ റോഡ് തുടങ്ങിയവ പുന:സ്ഥാപിച്ചു വരുന്നു. നാടുകാണി ചുരം റോഡില്‍ തടസ്സമായി നിന്ന വന്‍പാറകള്‍ പൊട്ടിച്ചു മാറ്റിയും മണ്ണും മരങ്ങളും  നീക്കം ചെയ്തും റോഡ് താത്ക്കാലികമായി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയില്‍ തകര്‍ന്ന കലുങ്കുകളും സംരക്ഷണഭിത്തികളുടെയും പുനനിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. 16 കലുങ്കുകളും, 1030 മീറ്ററോളം സംരക്ഷണ ഭിത്തിയുമാണ് പ്രളയത്തില്‍ തകര്‍ന്നിട്ടുള്ളത്.
     2019 ഓഗസ്റ്റ് മാസത്തിലുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ഡിവിഷനു കീഴിലെ 2372 കി.മീ. നീളത്തിലുള്ള 490 വിവിധ തരം റോഡുകളില്‍ 132 റോഡുകള്‍ ഏകദേശം 414.76 കി.മീ. നീളത്തിലാണ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുള്ളത്.
 

date