മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി: പരിരക്ഷ ഒ.പി.യിലെ മുഴുവൻ രോഗികൾക്കും ചികിത്സ നൽകി - ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിരക്ഷ ഒ.പി.യിലെ മുഴുവൻ രോഗികൾക്കും ചികിത്സ നൽകിയിട്ടുള്ളതായും ‘ചികിത്സ നിഷേധിച്ചു’ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്ഥലം മാറ്റിയ 12 അസിസ്റ്റൻറ് സർജന്മാരിൽ പരിരക്ഷ പദ്ധതിയുടെ ചുമതലയുള്ള ഡോക്ടറും ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടന്‍ തന്നെ അവരുടെ സ്ഥലംമാറ്റ നിയമനം റദ്ദ് ചെയ്യുകയും അവരെ ഇതേ ആശുപത്രിയിൽ തന്നെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ ഈ ഡോക്ടർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ഡിസംബർ 13ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പരിരക്ഷ ഒ.പി യിൽ മറ്റൊരു ഡോക്ടർ ആണ് പാലിയേറ്റീവ് രോഗികളെ പരിശോധിച്ചത്. പരിരക്ഷ ഒ.പി.യിൽ എത്തിയ 68 രോഗികൾക്കും ചികിത്സ നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിന്നുള്ള 12 അസിസ്റ്റന്റുമാരിൽ ആറ് പേരെ അരീക്കോട് ആശുപത്രിയിലേക്കും അഞ്ച് പേരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്കും ഒരാളെ പൂക്കോട്ടൂർ ബ്ലോക്ക് ആശുപത്രിയിലേക്കും സ്റ്റോപ്പ് ഗ്യാപ്പ് വ്യവസ്ഥയിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി നിയോഗിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്പെഷ്യലിറ്റി വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ ആരെയും തന്നെ നിലവിൽ സ്ഥലംമാറ്റം നൽകിയിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments