Skip to main content

മുരിയാട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം നൂറു ദിന പദ്ധതിക്ക് തുടക്കമായി

മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി രണ്ടാം വട്ടവും നൂറു ദിന പരിപാടി ആരംഭിച്ചു. 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ സമയനിഷ്ഠയോടെയും, കൃത്യതയോടെയും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂറുദിന കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നൂറു ദിനം 100 പരിപാടി എന്നതാണ് ലക്ഷ്യം.

എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബുകളുടെ രൂപീകരണം, വിവിധ വാര്‍ഡുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 50 ലൈഫ് വീടുകളുടെ താക്കോല്‍ദാന കര്‍മ്മം, ലൈഫ് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള വീടുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, പുതുതായി നിര്‍മ്മിച്ച അങ്കണവാടികളുടെ ഉദ്ഘാടനം, വാര്‍ഡുകള്‍തോറും എം.സി.എഫ് കേന്ദ്രങ്ങള്‍, അങ്കണവാടി, ഭിന്നശേഷി, വയോജന കലോത്സവങ്ങള്‍, സോളാര്‍ സ്ഥാപനം, ക്യാമറ സ്ഥാപനം തുടങ്ങിയ നിരവധി പദ്ധതികളും പരിപാടികളുമാണ് നൂറു ദിനം കൊണ്ട് നടപ്പാക്കുന്നതിനായി പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിക്കും പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കും തോടുകളുടെ നവീകരണം, പുതിയ രണ്ട് അങ്കണവാടികളുടെ നിര്‍മ്മാണത്തിനും, ആയുര്‍വേദ ആശുപത്രിയുടെ നിര്‍മ്മാണത്തിനും ഈ നൂറു ദിന പരിപാടിയില്‍ തുടക്കം കുറിക്കും. കഴിഞ്ഞവര്‍ഷം നൂറു ദിനം 100 പരിപാടിയുടെ അടിസ്ഥാനത്തില്‍ നൂറ് ദിനം കൊണ്ട് 108 പരിപാടികളാണ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

നൂറുദിന കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സെക്രട്ടറി റെജി പോള്‍, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണി സജയന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിതാ രവി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം, വി.ഇ.ഒ സിനി തുടങ്ങിയവര്‍ സംസാരിച്ചു.

date