Skip to main content

ചെറുകിട വ്യവസായ മേഖലയില്‍  ഇ.എസ്.ഐ/ ഇ.പി.എഫ്. വിഹിതം തിരിച്ചു നല്‍കും.

 

വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ചെറുകിട വ്യവസായ മേഖലയിലെ ഇ.എസ്.ഐ./ഇ.പി.എഫ്. വിഹിതം റീ ഇമ്പേഴ്‌സ് ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളിലെ ഉല്‍പ്പാദന, സര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള യൂണിറ്റുകള്‍ക്കാണ് സഹായം. നെഗറ്റീവ് പട്ടികയില്‍പ്പെടുന്ന എം.എസ്.എം.ഇ കള്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  2017 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ള തസ്തികകളിലെ തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 2017 മാര്‍ച്ച് 31 നുശേഷം ആരംഭിച്ച സ്ഥാപനങ്ങളിലെ ഉടമയെക്കൂടാതെ കുറഞ്ഞത് അഞ്ച് തൊഴിലാളികള്‍ക്കെങ്കിലും പുതിയതായി തൊഴിലവസരം സൃഷ്ടിച്ചെങ്കില്‍ മാത്രമേ ഇ.പി.എഫ്./ഇ.എസ്.ഐ. വിഹിതത്തിന്റെ 75 ശതമാനം തുക തിരിച്ചു നല്‍കുകയുള്ളൂ.  തുടര്‍ച്ചയായി മൂന്നു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ തുക അനുവദിക്കുന്നത്. ഒരു തൊഴിലാളിക്ക് പ്രതിവര്‍ഷം പരമാവധി പതിനായിരം രൂപ എന്ന തോതില്‍ സ്ഥാപനത്തിന് പരമാവധി ഒരു ലക്ഷം രൂപവരെ അവുവദിക്കും.  ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഇ.എസ്.ഐ/ഇ.പി.എഫ്. സ്റ്റേറ്റ്‌മെന്റ് സഹിതം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ഓഫീസര്‍മാരുമായോ ബ്ലോക്ക് വികസന ഓഫീസിലെ വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടുക.
(പി.ആര്‍.പി 1699/2018)

 

date