Skip to main content

പ്രധാന റോഡുകളിലെ കുഴികള്‍ രണ്ടാഴ്ചയ്ക്കകം അടക്കണം-ദുരന്ത നിവാരണ അതോറിറ്റി

ദേശീയപാത, സംസ്ഥാനപാതകള്‍, നഗര പാതകള്‍ എന്നിവ ഉള്‍പ്പടെ ജില്ലയിലെ പ്രധാന റോഡുകളിലെ കുഴികള്‍ രണ്ടാഴ്ചക്കകം അടക്കുന്നതിന്  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോഗം  ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം കാലവര്‍ഷത്തെ തുടര്‍ന്ന്  ജില്ലയില്‍ നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രധാന പാതകളിലെ കുഴികളില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. 
താമരശ്ശേരി ചുരം റോഡില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം കര്‍ശനമായി തുടരും. ദൈനം ദിന പെര്‍മിറ്റുള്ള യാത്രാ ബസ്സുകള്‍ക്ക് സര്‍വീസ് നടത്താം. ടൂറിസ്റ്റ് ബസ്സുകള്‍, സ്‌കാനിയ  പോലുള്ള വലിയ യാത്രാ വാഹനങ്ങള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കുമുള്ള ഗതാഗതനിരോധനം തുടരുമെന്നും കലക്ടര്‍ പറഞ്ഞു. വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞ റോഡിലെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചുരം റോഡിലെ മൂടിയ ഓവുചാലുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കും.
മണ്ണിടിച്ചിലിനെതുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്റ്റോപ് മെമ്മോ നല്‍കിയ കക്കാടം പൊയില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടി തുടരാന്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സി ഡബ്ലു ആര്‍ ഡി എമ്മും ജിയോളജിസ്റ്റും നല്‍കിയ റിപ്പോര്‍ട്ടില്‍ ഇവിടെ കൂടുതല്‍ പഠനം ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍  ഈ വിഷയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

 

date