Skip to main content

പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

ജില്ലയില്‍ എലിപ്പനി, ഡെങ്കിപനി, മഞ്ഞപിത്തം, മലേറിയ വൈറല്‍ പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. കനത്തമഴയില്‍ മലിനജലത്തില്‍ പടരുന്ന എലിമൂത്രത്തില്‍ നിന്നും എലിപ്പനി വ്യാപകമാകുന്നുണ്ട്. ജില്ലയില്‍ തലകുളത്തൂര്‍, കോഴിക്കോട് കോര്‍പറേഷന്‍, ഫറൂഖ് മുന്‍സിപാലിറ്റി എന്നിവിടങ്ങളിലും ബേപ്പൂര്‍ മുതല്‍ പുതിയാപ്പ വരെയുള്ള തീരദേശങ്ങളിലുമാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡി.എം.ഒ ഡോ വി ജയശ്രീ പറഞ്ഞു. ജില്ലയില്‍ രണ്ടുപേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. ഇവിടെ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കും. പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.
തലകുളത്തൂരിലും വടകരയിലും പടര്‍ന്നുപിടിച്ച മഞ്ഞപിത്തം നിയന്ത്രണ വിധേയമായിട്ടുണ്ട്. രോഗം പിടിപ്പെട്ടവര്‍ പൂര്‍ണ്ണമായി രോഗം ഭേദമാകുന്നതിനു മുമ്പ് പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കേണ്ടതാണ്. കുറ്റ്യാടി, നാദാപുരം മേഖലയിലാണ് ഡെങ്കിപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 23ന് കീഴരിയൂരിലും തുടര്‍ന്ന് കുറ്റ്യാടിയിലും  ആരോഗ്യ പ്രവര്‍ത്തകര്‍ മാസ് ക്യാമ്പൈന്‍ നടത്തുമെന്നും ഡി എം ഒ (ആരോഗ്യം)അറിയിച്ചു. 
തീരദേശങ്ങളില്‍ ഹാര്‍ബര്‍എഞ്ചിനീയറിംഗ് വകുപ്പ് നടത്തുന്ന സേവന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരും. തദ്ദേശ സ്വംഭരണസ്ഥാപനങ്ങള്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍  അസിസ്റ്റന്റ് കലക്ടര്‍ എസ്  അഞ്ജു, അസി പോലീസ് കമ്മീണര്‍. ഫയര്‍ആന്റ് റെസ്‌ക്യു ഓഫീസര്‍ ജില്ലാ മെഡിക്കല്‍ഓഫീസര്‍(ആരോഗ്യം), ജില്ലാ ഇന്‍ഫര്‍മേഷന്‍ഓഫീസര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍  എന്നിവര്‍ പങ്കെടുത്തു.
 

date