Skip to main content

മെഗാ അദാലത്തിൽ 33 കേസുകൾ തീർപ്പാക്കി; സ്ത്രീകൾക്ക് കൂടുതൽ നിയമബോധം അനിവാര്യം: എം.സി. ജോസഫൈൻ

ആലപ്പുഴ: സ്ത്രീകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് വേണ്ടത്ര ബോധ്യമില്ലെന്ന് വനിത കമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ പറഞ്ഞു. ആലപ്പുഴയിൽ നടന്ന വനിത മെഗാ അദാലത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. 

കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാരും നിയമസംവിധാനങ്ങളും സ്വീകരിച്ചിട്ടുള്ള നിലപാടുകൾ സംബന്ധിച്ച് ഉയർന്ന വിദ്യാഭ്യസ നിലവാരമുള്ള സ്ത്രീകൾ പോലും അജ്ഞരാണ്. മുത്തലാക്ക് ചൊല്ലപ്പെട്ട ഒരു യുവതി നൽകിയ പരാതി പരിഗണിച്ചാണ് കമ്മിഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മൂന്നു വർഷം മുൻപ് വിവാഹിതയായ യുവതിയെ ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് അവിടെയിരുന്ന് മുത്തലാക്ക് ചൊല്ലുകയായിരുന്നു. വിവാഹത്തിന് വീട്ടിൽ നിന്നു നൽകിയ 75 പവൻ സ്വർണ്ണാഭരണവും 5 ലക്ഷം രൂപയും മടക്കി കിട്ടാതെ ഭർത്താവിന്റെ  വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നതും ഭർതൃഗൃഹത്തിൽ നേരിടേണ്ടി വന്ന യാതനകളും സഹോദരനൊടൊപ്പം  അദാലത്തിലെത്തിയ പരാതിക്കാരി വിവരിച്ചു. മുത്തലാഖ് നിയമ വിരുദ്ധമാക്കുന്നതു സംബന്ധിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നതിനിടയിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് മതങ്ങൾ സ്വീകരിക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യാൻ മതവിശ്വാസികളായ സ്ത്രീകൾ ധൈര്യം കാണിക്കുന്നില്ലെന്ന് കമ്മിഷൻ വീക്ഷിച്ചു. യുവതിയുടെ പരാതിയിൽ ഫയലിൽ സ്വീകരിച്ച്  വിശദമായ അന്വേഷണം നടത്തു.

21 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ആനൂകൂല്യങ്ങളൊന്നും നൽകാതെ പിരിച്ചു വിട്ടെന്ന പരാതിയുമായെത്തിയ സ്‌കൂൾ ജീവനക്കാരിക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങളെല്ലാം നൽകണമെന്ന് സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. കഴകക്കാരനായ ഭർത്താവിന് രോഗം പിടിപ്പെട്ടതിനെ തുടർന്ന് പകരം ജോലി ചെയ്തു വന്ന ഭാര്യയെ പിരിച്ചുവിട്ട ക്ഷേത്രം ഭാരവാഹികൾക്കെതിരെ നൽകിയ പരാതിയും  പരിശോധിച്ചു. പരാതി ലേബർ കോടതിക്ക് കൈമാറാൻ കമ്മീഷൻ നടപടി സ്വീകരിച്ചു. മാതാപിതാക്കളെ സംരക്ഷിക്കാൻ ആൺ മക്കളും പെൺമക്കളും ഒരേ പോലെ ഉത്തരവാദികളാണെന്ന് മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായെത്തിയ അമ്മയുടെ കേസ്സിൽ കമ്മീഷൻ നിരീക്ഷിച്ചു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ലഭിച്ച 85 പരാതികളിൽ 33 എണ്ണം തീർപ്പാക്കി. 50 കേസ്സുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു പരാതി കൗൺസിലിംഗിനും ഒരെണ്ണം പോലീസ് അന്വേഷണത്തിനായും കൈമാറി. കമ്മീഷനംഗങ്ങളായ അഡ്വ. എം.എസ്. താര, ഇ.എം. രാധ, ഷാഹിദാ കമാൽ, ഡയറക്ടർ പി.യു. കുര്യാക്കോസ് എന്നിവർക്കു പുറമേ വനിതാ പോലീസുദ്യോഗസ്ഥർ ,അഭിഭാഷകർ, കൗൺസിലിംഗ് വിദഗ്ധർ എന്നിവർ പങ്കെടുത്തു.

    

(പി.എൻ.എ.2753/17)

date