Skip to main content

 അപേക്ഷകള്‍ ഓണ്‍ലൈനില്‍:  ചിറയിന്‍കീഴിലെ കളക്ടറുടെ പരാതി പരിഹാര അദാലത്ത് വേറിട്ടതായി

     അദാലത്തുകളിലെത്തുന്ന അപേക്ഷകള്‍ ക്രമംതെറ്റിയും വഴിമാറിയും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയ്ക്ക് പരിഹാരമായി ജില്ലാ കളക്ടറുടെ ചിറയിന്‍കീഴ് താലൂക്കിലെ പരാതി പരിഹാര വേദി.  വേദിയിലെത്തിയ മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈനായി സ്വീകരിക്കുകയും വിവിധ വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.  അപേക്ഷകള്‍ സ്വീകരിച്ച മാത്രയില്‍ അപേക്ഷകന്റെ ഫോണിലേയക്ക് നമ്പറുള്‍പ്പെടെയുള്ള എസ്.എം.എസ്. അലര്‍ട്ട് ലഭ്യമാക്കി.  അപേക്ഷയുടെ തുടര്‍ഗതി ഇതേ രീതിയില്‍ തന്നെ അപേക്ഷകനെ അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.  
    ജനങ്ങളുടെ പരാതികള്‍ക്ക് അവരിലേയ്‌ക്കെത്തി അടിയന്തര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ജില്ലാ കളക്ടറുടെ പൊതുജനപരാതിപരിഹാര വേദിയില്‍ കഴിയുന്നത്ര പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉദേ്യാഗസ്ഥര്‍ ശ്രമിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു.  ചിറയിന്‍കീഴ് താലൂക്കിലെ പരാതിപരിഹാര വേദി ആറ്റിങ്ങല്‍ ഠൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇത്തരം വേദികള്‍ ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  
    വേദിയില്‍ പരിഹരിക്കാവുന്ന പരാതികളില്‍ മേലുള്ള നടപടികള്‍ അവിടെവച്ചുതന്നെ പൂര്‍ത്തിയാക്കുമെന്നും വിവിധ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുള്ളതടക്കം തീര്‍പ്പാക്കാത്ത പരാതികള്‍ ട്രാക്ക് ചെയ്ത് പുരോഗതി വിലയിരുത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.  
    ട്രാക്കിങ് ലക്ഷ്യമാക്കിയാണ് പരാതികള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നത്.  എല്ലാ മൂന്നാം ശനിയാഴ്ച കളിലും ഇത്തരത്തിലുള്ള അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.  
    വിവിധ വകുപ്പുകള്‍ക്കായി പ്രതേ്യകം സജ്ജീകരിച്ച 30 കൗണ്ടറുകളിലൂടെ 350 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്.  ഇതില്‍ 175 അപേക്ഷകള്‍ വേദിയില്‍ തീര്‍പ്പാക്കി.  ശേഷിക്കുന്ന പരാതികളിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.  
    മുഖ്യമന്ത്രിയുടെ പ്രതേ്യക നിദേശപ്രകാരം കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതിപരിഹാര അദാലത്തുകള്‍ ഏകീകരിച്ച ശേഷം ജില്ലയില്‍ നടത്തുന്ന ആദ്യ അദാലത്തായിരുന്നു ചിറയിന്‍കീഴിലേത്.  
    ഉദ്ഘാടന യോഗത്തില്‍ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, എ.ഡി.എം. ജോണ്‍ വി. സാമുവല്‍, ഹുസൂര്‍ ശിരസ്തദാര്‍ ജി. പ്രദീപ് കുമാര്‍, ചിറയിന്‍കീഴ് തഹസീല്‍ദാര്‍ എഫ്. ക്ലമന്റ് ലോപ്പസ് തുടങ്ങിയവര്‍ സംബന്ധിച്ചു. 
(പി.ആര്‍.പി 1899/2017)
 

date