Skip to main content

മികവുറ്റ പുസ്തക ശേഖരവുമായി സന്നിധാനത്തെ ദേവസ്വം ബുക് സ്റ്റാളുകള്‍

മികവുറ്റ നിരവധി പുസ്തകങ്ങള്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്ന സന്നിധാനത്തെ ദേവസ്വം ബുക് സ്റ്റാളുകളില്‍ തിരക്കേറുന്നു. ദേവസ്വം ബോര്‍ഡിന്റെയും സ്വകാര്യ പ്രസാധകരുടെയും നിരവധി മികവുറ്റ പുസ്തകങ്ങള്‍ ന്യായ വിലയ്ക്ക് ഇവിടെ ലഭിക്കും. സന്നിധാനത്ത് വടക്കേ നടയിലാണ് 24 മണിക്കൂറും സേവനം നല്‍കുന്ന മൂന്ന് ദേവസ്വം ബുക്ക് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. 
 ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്നു വോള്യങ്ങളിലുള്ള തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ എന്ന പുസ്തകവും രാമായണവും സൂപ്പര്‍ ഹിറ്റുകളാണ്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ ഒരു വോള്യം 400 രൂപയ്ക്ക് ലഭിക്കും. രാമായണത്തിന് 180 രൂപയാണ് വില. 
    

സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ ഭൂരിപക്ഷവും വാങ്ങുന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ഡയറികളും പഞ്ചാംഗവും. എക്‌സിക്യുട്ടീവ് ഡയറിക്ക് 150 രൂപയ്ക്കും പോക്കറ്റ് ഡയറി 55 രൂപയ്ക്കും ലഭിക്കും. എക്‌സിക്യുട്ടീവ് ഡയറിയും പോക്കറ്റ് ഡയറിയും ഉടന്‍ വില്‍പ്പന ആരംഭിക്കും. അയ്യപ്പന്റെ ചിത്രങ്ങളുള്ള മനോഹരമായ ഡയറികള്‍ തീര്‍ഥാടകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. ശാസ്ത്രീയമായി തയാറാക്കിയിട്ടുള്ള വലിയ പഞ്ചാംഗം 50 രൂപയ്ക്കും ചെറിയ പഞ്ചാംഗം 30 രൂപയ്ക്കും ലഭിക്കും. ഏറെ ജനപ്രീതിയുള്ള ദേവസ്വം കലണ്ടറിന് 30 രൂപയാണ് വില. പടങ്ങള്‍ ഉള്‍പ്പെടുന്ന കലണ്ടറിന് 20 രൂപയാണ് നിരക്ക്. 
       

ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധമായ രാമകഥാസുധ സിഡി 40 രൂപയ്ക്ക് ലഭിക്കും. കാവാലം ശ്രീകുമാറാണ് ഇതിന്റെ ആഖ്യാനവും പാരായണവും നിര്‍വഹിച്ചിരിക്കുന്നത്. ശബരിമലയെ സംബന്ധിച്ച ഡോക്യുമെന്ററി സിഡി 150 രൂപ, 99 രൂപ എന്നീ രണ്ടു വകഭേദങ്ങളിലായി ലഭിക്കും. സ്വകാര്യ പ്രസാധകരുടെ ബുക്കുകള്‍ വില്‍ക്കുമ്പോള്‍ 40 ശതമാനം തുക ദേവസ്വം ബോര്‍ഡിന് ലഭിക്കും. ദേവസ്വം ബോര്‍ഡിന്റെ മുഖപത്രമായ സന്നിധാനം മാസികയുടെ വരിക്കാരാകുന്നതിന് ദേവസ്വം ബുക്ക് സ്റ്റാളുകളില്‍ സൗകര്യമുണ്ട്. ഒരു വര്‍ഷത്തേക്ക് തപാലായി മാസിക ലഭിക്കാന്‍ 200 രൂപയാണ് നിരക്ക്. മൂന്നു വര്‍ഷത്തേക്ക് 500 രൂപയും അഞ്ചു വര്‍ഷത്തേക്ക് 900 രൂപയും ആജീവനാന്തം ലഭിക്കുന്നതിന് 4000 രൂപയും നല്‍കണം.
ഹരിപ്പാട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ജയറാം പരമേശ്വരനാണ് ദേവസ്വം ബുക്ക് സ്റ്റാളുകളുടെ സ്‌പെഷല്‍ ഓഫീസര്‍. അസിസ്റ്റന്റ് രവീന്ദ്രന്‍ നായരാണ് സ്റ്റാളുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.  

(പി.ആര്‍. ശബരി-45)

date