Skip to main content

ദാഹശമനത്തിനും രോഗപ്രതിരോധത്തിനും ഔഷധജലം 

ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് ശരണപാതയില്‍ ദേവസ്വം ബോര്‍ഡിന്റെ ഔഷധ ജലവിതരണം സജീവം. ദിവസവും ശരാശരി ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഔഷധ ജലമാണ് അയ്യപ്പന്മാര്‍ക്ക് നല്‍കുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയാറാക്കുന്ന കുടിവെള്ളം ദാഹശമനത്തോടൊപ്പം രോഗപ്രതിരോധത്തിനും ഉത്തമമാണ്. അന്തരീക്ഷത്തിലെ ചൂടും തണുപ്പുമൊന്നും വകവയ്ക്കാതെ ഭക്തിപൂര്‍വം മല കയറുന്നവര്‍ക്ക് ഈ ഔഷധ ജലം വലിയ ആശ്വാസമാണ്. നിലവില്‍ 52 ഇടങ്ങളിലാണ് വിതരണമുള്ളത്. 400 തൊഴിലാളികളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ശരംകുത്തിയില്‍ 3,500 ലിറ്റര്‍ ശേഷിയുള്ള ബോയിലറില്‍ തയാറാക്കുന്ന വെള്ളം പരമ്പരാഗത പാതയില്‍ മരക്കൂട്ടം മുതല്‍ ജ്യോതിനഗര്‍ വരെ വിതരണം ചെയ്യും. മറ്റിടങ്ങളില്‍ വിതരണം ചെയ്യുന്നതിന് 14 സ്ഥലങ്ങളിലായി ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വെള്ളം തയാറാക്കുന്നു. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും സന്നിധാനത്തെ നടപ്പന്തലിലുമെല്ലാം മുഴുവന്‍ സമയവും ഔഷധജലം ലഭ്യമാണ്. 

date