Skip to main content

വന്യജീവികളെ ഇനി പേടിക്കേണ്ട;  സഹായത്തിന് വനപാലകര്‍ ഓടിയെത്തും

ശബരിമല തീര്‍ഥാടകര്‍ ഇനി ആനയും പാമ്പും ഉള്‍പ്പെടെ വന്യജീവികളെ കണ്ട് പേടിക്കേണ്ട. ഇതിനു പുറമേ വനത്തില്‍ വഴി തെറ്റിയാലും സഹായത്തിനായി  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പരില്‍ വിളിക്കുകയേ വേണ്ടു. വനപാലകര്‍ കുതിച്ചെത്തും. സഹായം ആവശ്യമുള്ള തീര്‍ഥാടകര്‍ക്ക് പമ്പയിലെയോ(04735-203492) സന്നിധാനത്തെയോ(04735-202077) കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. പമ്പയിലും സന്നിധാനത്തും എലിഫന്റ് സ്‌ക്വാഡിനെയും പാമ്പ് പിടുത്ത സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. പമ്പയിലെ എലിഫന്റ് സ്‌ക്വാഡില്‍ വെറ്ററിനറി ഓഫീസര്‍ ഉള്‍പ്പെടെ 12 പേരുണ്ട്. സന്നിധാനത്തെ എലിഫന്റ് സ്‌ക്വാഡില്‍ രണ്ടു പേരാണുള്ളത്. 
    

പമ്പയിലും സന്നിധാനത്തുമായി പാമ്പുകളെ പിടിക്കുന്നതിന് ഓരോ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. പാമ്പിനെ പിടിക്കുന്നതില്‍ പ്രാവീണ്യമുള്ളവരുള്‍പ്പെടുന്നതാണ് ഈ സ്‌ക്വാഡ്. ഇതിനു പുറമേ പമ്പയിലെയും സന്നിധാനത്തെയും കണ്‍ട്രോള്‍ റൂമുകളില്‍ 18 വനം വകുപ്പ് ഉദ്യോഗസ്ഥരെ വീതം നിയമിച്ചിട്ടുണ്ട്. എസിഎഫ് എം.ടി.ഹരിലാലിന്റെ കീഴില്‍ പമ്പയില്‍ റേഞ്ച് ഓഫീസര്‍ സജീവ് കുമാറും സന്നിധാനത്ത് റേഞ്ച് ഓഫീസര്‍ ജിജോ ജയിംസുമാണ് കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം നയിക്കുന്നത്. കണ്‍ട്രോള്‍ റൂമുകളില്‍ സന്ദേശം ലഭിച്ചാലുടന്‍ സ്‌ക്വാഡുകള്‍ സ്ഥലത്തേക്ക് വേഗത്തിലെത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനം. ഇതിനു പുറമേ സ്‌ക്വാഡുകള്‍ എപ്പോഴും പട്രോളിംഗും നടത്തും. പിടികൂടുന്ന പാമ്പുകളെ ദൂരേക്കു മാറി വനപ്രദേശത്തു തന്നെ തുറന്നു വിടും. 
 

date