Skip to main content

വിശ്വാസ് പത്താം വര്‍ഷത്തിലേക്ക്; വാര്‍ഷികാഘോഷ ഉദ്ഘാടനം ജനുവരി രണ്ടിന്

 

കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശനിഷേധത്തിനും ഇരകളായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന വിശ്വാസിന്റെ പത്താം വാര്‍ഷികാഘോഷ ഉദ്ഘാടനവും നിര്‍ഭയഹോം അന്തേവാസികള്‍ക്കൊപ്പമുള്ള കലാമേളയും ജനുവരി രണ്ടിന് നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനുവരി 26 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ വിശ്വാസ് സംഘടിപ്പിക്കുന്നുണ്ട്. ജനുവരി മൂന്നിന് പാലക്കാട് പോക്‌സോ കോടതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കല്‍, ഏഴിന് നിയമവിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സ്റ്റേഷന്‍ പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ് ഹാളില്‍ സംവാദ മത്സരം, എട്ടിന് കല്‍മണ്ഡപം പ്രതിഭാ നഗര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഗൃഹസുരക്ഷ നിയമ ബോധവത്ക്കരണ ക്ലാസ്, 12 ന് കൊല്ലങ്കോട് ആശ്രയം കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമബോധവത്ക്കരണ ക്ലാസ്, 21 ന് മലമ്പുഴ ലീഡ് കോളെജിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ ഫ്‌ളാഷ് മോബ്, 22 ന് മലമ്പുഴ ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് കൗണ്‍സിലിങ്, 25 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ സുനിതാ കൃഷ്ണന്‍ നയിക്കുന്ന സെമിനാര്‍ എന്നിവ നടക്കും. 26 ന് സമാപന ദിനത്തോടനുബന്ധിച്ച ടോപ് ഇന്‍ ടൗണില്‍ വിശ്വാസ് കാരുണ്യനിധി ഉദ്ഘാടനം, വി.എന്‍. രാജന്‍ വിക്ടിമോളജി പുരസ്‌കാരദാനം, ഡോ. എന്‍.ആര്‍ മാധവന്‍ പുരസ്‌കാര വിതരണം, വിശ്വാസ് ഇന്ത്യ രൂപീകരണം എന്നിവയും ഉണ്ടായിരിക്കുമെന്ന് വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് അറിയിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമായി കലക്ടറേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന വിശ്വാസ് നിയമവേദി, ഇ-നീതികേന്ദ്ര, സുരക്ഷ വളണ്ടിയര്‍ ഗ്രൂപ്പ്, ചിറ്റൂര്‍ സര്‍വീസ് സെന്റര്‍, ഉച്ചക്കൊരൂണ്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇരകളായവര്‍ക്കും കൈത്താങ്ങായിട്ടുണ്ട്. വിശ്വാസിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയാണ്.
 

date