Skip to main content

കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം (അശ്വമേധം) ജനുവരി 18 മുതൽ 31 വരെ

 

കോട്ടയം: കുഷ്ഠരോഗ നിർണയത്തിനായുള്ള ഭവന സന്ദർശന യജ്ഞം 'അശ്വമേധം' അഞ്ചാംഘട്ടം ജനുവരി 18 മുതൽ 31 വരെ നടക്കും. കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതിനാൽ ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നൽകുന്നതിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചക്കാലത്തേക്കു പദ്ധതി നടപ്പാക്കുന്നത്.  
 ജില്ലയിലെ അഞ്ചരലക്ഷത്തിലധികം വരുന്ന വീടുകളിൽ ഈ രണ്ടാഴ്ചക്കാലം ആശാ പ്രവർത്തകർ, വോളണ്ടീയർമാർ എന്നിവരുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തും. വീടുകളിലുള്ളവരുടെ ത്വക്ക് പരിശോധിച്ചു കുഷ്ഠരോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് റെഫർ ചെയ്യും.
  പുരുഷ, സ്ത്രീ വോളണ്ടീയർമാർ അടങ്ങുന്ന സംഘം 14 ദിവസം കൊണ്ട് 200 വീടു സന്ദർശിക്കും. ഇതിനായി 5000 വോളണ്ടീയർമാർക്കു പരിശീലനം നൽകിയിട്ടുണ്ട്. കുഷ്ഠരോഗത്തിന് എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യചികിത്സ ലഭ്യമാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ: എൻ. പ്രിയ പറഞ്ഞു.  
 2021-22ൽ സംസ്ഥാനത്ത് 374 പേരിലും കോട്ടയം ജില്ലയിൽ ആറുപേരിലാണ് കുഷ്ഠരോഗം കണ്ടെത്തിയത്. ഇവയിൽ 295 എണ്ണം ദീർഘകാലമായുള്ള അഞ്ചിൽ കൂടുതൽ പാടുകളോടുകൂടിയുള്ള കുഷ്ഠരോഗ( മൾട്ടി ബാസിലറി)വും 21 എണ്ണം വൈകല്യം ബാധിച്ചു കഴിഞ്ഞവയുമായിരുന്നു. 15 കുട്ടികളിലും രോഗം കണ്ടെത്തി. കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ 314 പേർക്കു കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഈ കാലയളവിൽ 18 പേരിലും രോഗം കണ്ടെത്തി.
  രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അടുത്തുനിന്നു ശ്വസിക്കുന്നതിലൂടെയാണ് കുഷ്ഠരോഗം പകരുന്നത്. തൊലിപ്പുറത്തു കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയ തിളക്കമുള്ള ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിൽ മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടക്കാനുള്ള പ്രയാസം തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങളായേക്കാം. തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ വൈകല്യങ്ങൾ പൂർണമായും തടയാം. വൈകല്യങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമാണ് എന്നതിനാൽ എത്രയും വേഗം ചികിത്സ ആരംഭിക്കുകയാണു വേണ്ടത്.
 ചികിത്സ ആരംഭിക്കുന്നതോടെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയയും നശിക്കുന്നതിനാൽ മറ്റുള്ളവരിലേക്ക് പകരുന്നത് പൂർണമായും തടയാനാകും. ആറുമുതൽ 12 മാസം വരെയുള്ള കൃത്യമായ ചികിത്സയിലൂടെ പൂർണ രോഗമുക്തി നേടാം.
 എന്നാൽ രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം രോഗം ബാധിച്ചവർ ചികിത്സക്കെത്തുന്നത് ഏറെ വൈകിയാണ്. ചികിത്സ വൈകുന്നത് അംഗവൈകല്യത്തിനും ഏറെക്കാലം രോഗം സമൂഹത്തിൽ പടരാനും ഇടയാക്കും. കേരളത്തിൽ രോഗസാന്ദ്രത വളരെ കുറവാണ് എന്ന പൊതു ധാരണ മൂലം രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം തീരെ കുറഞ്ഞതാണ് രോഗികളെ നേരത്തെ കണ്ടെത്തുന്നത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
 ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യദൗത്യം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വനിതാ ശിശു വികസന വകുപ്പ്, എന്നിവർ സംയുക്തമായാണ് അശ്വമേധം പരിപാടി സംഘടിപ്പിക്കുന്നത്.
(കെ.ഐ.ഒ. പി. ആർ. 93/2023)
 

date