Skip to main content

നർമബോധവും വിമർശന ശേഷിയുമുള്ള  ജനതയാണ്  നാടിന്റെ ശക്തി: ഷെഹാൻ കരുണതിലക

രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും നർമബോധം നിലനിർത്തുന്ന ജനതയായി തുടരുക എന്നത് വലിയ കാര്യമാണെന്ന് 2022ലെ ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക. തന്റെ നാടായ ശ്രീലങ്ക പതിറ്റാണ്ടുകളായി ആഭ്യന്തര യുദ്ധം അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയതാണെങ്കിലും നർമബോധം നിലനിർത്തുന്ന ജനതയായി തുടരാനായി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മീറ്റ് ദി ഓതർ പരിപാടിയിൽ സുനീത ബാലകൃഷ്ണനോട് സംസാരിക്കുകയായിരുന്നു ഷെഹാൻ കരുണതിലക. 

ബുക്കർ സമ്മാനം നേടിയ ദ സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എഴുതിയ സാഹചര്യത്തെക്കുറിച്ച് ഷെഹാൻ വിശദീകരിച്ചു. യുദ്ധ ഫോട്ടോഗ്രാഫറും ചൂതുകളിക്കാരനുമൊക്കെയായ മാലി അൽമേഡയാണ് ബുക്കർ സമ്മാനം നേടിയ നോവലിലെ നായകൻ. തന്റെ മരണം സംഭവിച്ചതെങ്ങനെയെന്ന മാലി അൽമേഡയുടെ അന്വേഷണത്തിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ഏഴു വർഷമെടുത്താണ് നോവൽ പൂർത്തിയാക്കിയത്. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തെ പശ്ചാത്തലമാക്കിയാണ് ഷെഹാന്റെ രചന.

എൺപതുകളിലെയും തൊണ്ണൂറുകളിലെയും ശ്രീലങ്കയാണ് ഷെഹാന്റെ കഥകകളുടെ പശ്ചാത്തലം. ''കുട്ടിക്കാലത്ത് കൊളംബോയിലാണ് താമസിച്ചിരുന്നത്. അവിടെ ബോംബ് സ്ഫോടനങ്ങളും മറ്റും നടന്നിരുന്നു. എങ്കിലും ജാഫ്നയിലെയോ ട്രിങ്കോമാലിയിലെയോ പോലെ ഗുരുതരമായിരുന്നില്ല സ്ഥിതി. ജാഫ്നയിലും ട്രിങ്കോമാലിയിലുമൊക്കെ നടക്കുന്ന സംഭവങ്ങൾ മറ്റൊരു രാജ്യത്ത് നടക്കുന്നതു പോലെയാണ് അന്ന് തോന്നിയിരുന്നത്. 35 ാം വയസിലാണ് ആദ്യമായി ജാഫ്ന സന്ദർശിക്കുന്നത്'', ഷെഹാൻ പറഞ്ഞു.

ഷെഹാന്റെ ആദ്യ നോവലായ ചൈനാമാൻ പ്രദീപ് മാത്യു എന്ന ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചാണ്. ക്രിക്കറ്റ് അറിയാത്തവർക്കു പോലും നോവൽ ആസ്വദിക്കാനാവണം എന്ന ചിന്തയോടെയാണ് ചൈനാമാൻ എഴുതിയതെന്ന് ഷെഹാൻ കരുണതിലകെ പറഞ്ഞു. എല്ലാ വിഭിന്നതകൾക്കിടയിലും കലാപത്തിനിടയിലും ക്രിക്കറ്റിന് രാജ്യത്തെ ഒരുമിപ്പിക്കാൻ കഴിയുമെന്ന് മനസിലായത് ശ്രീലങ്ക 1996ൽ ലോകകപ്പ് ക്രിക്കറ്റ് വിജയിച്ചപ്പോഴാണ്. കലാപം കൊടുമ്പിരി കൊണ്ടിരുന്ന 90കളിലും മുത്തയ്യ മുരളീധരനെ പോലുള്ള തമിഴ് വംശജൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ നെടുനായകത്വം വഹിച്ചിരുന്നു എന്നത് മറക്കാൻ പാടില്ല. വിഭജിക്കപ്പെട്ട ഒരു ജനതയെ ഒന്നിച്ചുനിർത്തുന്നതിൽ മുത്തയ്യ മുരളീധരൻ പ്രധാന പങ്ക് വഹിച്ചു. മുരളീധരനെ കുറിച്ചുള്ള ചലച്ചിത്രം, 800 ദ മുരളി സ്റ്റോറിയുടെ തിരക്കഥ തയ്യാറാക്കാനായി. എങ്കിലും സിനിമയുടെ തിരക്കഥാ രചനയേക്കാൾ പുസ്തകം എഴുതുന്നതാണ് സംതൃപ്തി നൽകുന്നത്. തിരക്കഥയിൽ പല ഘട്ടങ്ങളിൽ നമ്മൾ അറിയാതെയുള്ള എഡിറ്റിംഗ് നടക്കും.

നോവലിലെ നായകൻ മാലി അൽമേഡയുടെ രാഷ്ട്രീയം വിലയിരുത്തേണ്ടത് വായനാക്കാരാണെന്ന് ഷെഹാൻ പറഞ്ഞു. മാലി അൽമേഡ ഇടതുപക്ഷക്കാരനാണോയെന്ന സുനീതയുടെ ചോദ്യത്തിനോടു പ്രതികരിക്കുകയായിരുന്നു. ശ്രീലങ്കയിൽ 60കളിലും 70 കളിലുമൊക്കെ ഇടതു ചിന്താഗതി ശക്തമായിരുന്നു. എന്നാൽ പിന്നീട് ഇത് ദുർബലപ്പെട്ടു.

ഭരണകൂടങ്ങൾ നിരന്തരം വിമർശനത്തിന് വിധേയമാകുന്നുണ്ട്. 10 വർഷം മുമ്പ് ഇത് ചിന്തിക്കാനാകുമായിരുന്നില്ല. ശ്രീലങ്കൻ ഇംഗ്ലീഷിൽ എഴുതുന്നത് പ്രമേയ പരിസരത്തെ കുറിച്ച് മറ്റുള്ള രാജ്യങ്ങളിലെ വായനക്കാർക്ക് അവബോധമുണ്ടാകാൻ സഹായകരമായെന്ന് കരുണതിലക പറഞ്ഞു. കൊളംബോയിൽ ഇരുന്ന് പുസ്തകങ്ങൾ എഴുതുന്ന ഒരാളെ സംബന്ധിച്ച് തന്റെ പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുക എന്നതായിരിക്കും ഏറ്റവും വലിയ സ്വപ്നം. തനിക്കും അങ്ങനെയായിരുന്നു. തെക്കേ ഏഷ്യൻ എഴുത്തുകാരനെ സംബന്ധിച്ച് പാശ്ചാത്യ ലോകത്ത് തന്റെ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് ഇപ്പോഴും വെല്ലുവിളിയാണെന്നും ഷെഹാൻ കരുണതിലക പറഞ്ഞു. യുദ്ധം വിഭജിച്ച രാജ്യത്തെ ഒന്നിപ്പിക്കാൻ ക്രിക്കറ്റിന്  കഴിഞ്ഞിട്ടുണ്ടെന്നും കരുണതിലക അഭിപ്രായപ്പെട്ടു.

പ്ലീസ് ഡോണ്ട് പുട്ട് ദാറ്റ് ഇൻ യുവർ മൗത്ത്വെയർ ഷാൾ ഐ പൂപ്പ്ദോസ് സ്നീക്കി പ്ളാന്റ് എന്നിവ ഷെഹാൻ കുട്ടികൾക്കായി രചിച്ച പുസ്തകങ്ങളാണ്. പുതിയ നോവലിന്റെ പണിപ്പുരയിലാണ് ഷെഹാൻ. അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ എ. എൻ. ഷംസീർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. കേരളത്തിന്റെ ആദരമായി മെമന്റോയും സമ്മാനിച്ചു.

പി.എൻ.എക്സ്. 204/2023

date