Skip to main content

ചമ്രവട്ടം ജങ്ഷന്‍ - തവനൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണ പൊന്നാനി നഗരസഭാ ട്രാഫിക് ക്രമീകരണ യോഗം ചേര്‍ന്നു

നിരന്തരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ചമ്രവട്ടം ജങ്ഷന്‍ - തവനൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊന്നാനി നഗരസഭാ ട്രാഫിക് ക്രമീകരണ യോഗത്തില്‍ ധാരണയായി. കണ്ടെയ്‌നര്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് റോഡില്‍ പൂര്‍ണ നിരോധനമേര്‍പ്പെടുത്തും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ ചമ്രവട്ടം ജങ്ഷന്‍ വഴി ദേശീയപാതയിലൂടെ കുറ്റിപ്പുറത്തേക്ക് വിടും. അതോടൊപ്പം തിരൂരില്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ബി.പി അങ്ങാടി ജങ്ഷനില്‍ വച്ച് കുറ്റിപ്പുറത്തേക്ക് തിരിച്ചു വിടുന്നതിന് വേണ്ട നടപടികള്‍ക്കായി ജില്ലാ ട്രാഫിക് ക്രമീകരണ സമിതിക്ക് ശുപാര്‍ശ നല്‍കാനും യോഗത്തില്‍ തീരുമാനമായി.
നിളയോര  പാതയില്‍ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി മൂന്ന് ഇടങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. കുറ്റിക്കാട്, ജിം റോഡ് ജങ്ഷന്‍, ഐ.സി.എസ്.ആര്‍ അക്കാദമി എന്നിവിടങ്ങളിലായാണ് ഡിവൈഡറുകള്‍ സ്ഥാപിക്കുന്നത്. കൂടാതെ അവധി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വൈകുന്നേരങ്ങളില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത പട്രോളിംഗ് നടത്താനും ധാരണയായി.
പൊന്നാനിയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളായ താലൂക്ക് ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയ്ക്ക് മുമ്പില്‍ സീബ്ര ലൈന്‍ സജ്ജീകരിക്കാനും തീരുമാനിച്ചു.
പുതിയ ദേശീയ പാത ആറുവരി പാതയാക്കുന്നതോടെ സമീപ ഭാവിയില്‍ ഉണ്ടായേക്കുന്ന ഗതാഗത സൗകര്യങ്ങള്‍ മുന്നില്‍ കണ്ട് അധിക അടിപ്പാത ആവശ്യപ്പെടാന്‍ തീരുമാനിച്ചു.  തെയ്യങ്ങട്, പുതുപൊന്നാനി, വില്ലേജ് ഓഫീസ് റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത നിര്‍മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ പാത അധികൃതരോട് ആവശ്യപ്പെടുക.
നഗരസഭാ പരിധിയിലെ കയ്യേറ്റങ്ങളും, അനധികൃത കച്ചവടങ്ങളും പരിശോധിക്കുന്നതിന് ജനുവരി 18 ന് വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്തും. കൂടാതെ ട്രാഫിക് ക്രമീകരണ സമിതിയുടെ അവലോകന യോഗവും അന്ന് ചേരും.
പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.സുജിത്ത്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ അനൂപ്, നഗരസഭാ സെക്രട്ടറി എസ്.സജിറൂന്‍, പി.ഡബ്ല്യു.ഡി (എന്‍.എച്ച് വിഭാഗം) ഓവര്‍സിയര്‍ ടി.പി അജീഷ്, പി.ഡബ്ല്യു.ഡി (റോഡ്‌സ് വിഭാഗം) പ്രതിനിധി എം.അന്‍ഷാദ് അലി എന്നിവര്‍ പങ്കെടുത്തു.
 

date