Skip to main content
എന്റെ പുസ്തകം എന്റെ വിദ്യാലയം' ജില്ലാ പഞ്ചായത്തിന്റെ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ സ്വീകരിച്ച പുസ്തകങ്ങള്‍

കുഞ്ഞെഴുത്തുകാര്‍ക്ക് അവസരമൊരുക്കി എന്റെ പുസ്തകം പദ്ധതി

75000 കുട്ടി എഴുത്തുകാര്‍, 1500 എഡിറ്റര്‍മാര്‍, 10000 ചിത്രകാരന്മാര്‍ ഇങ്ങനെ എണ്‍പതിനായിരത്തോളം വിദ്യാര്‍ഥികളുടെ കഴിവുകളെ വായനക്കാരിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും പ്രൊഫഷണല്‍ കോളേജുകളെയും ഉള്‍പ്പെടുത്തി ആരംഭിച്ച 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയാണ് പുസ്തക പ്രസിദ്ധീകരണത്തിന് അവസരമൊരുക്കുന്നത്.
ഒരോ വിദ്യാലയത്തിന്റെയും പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കും. ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1500 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ 132 വിദ്യാലയങ്ങളില്‍ നിന്നുള്ള കൈയെഴുത്ത് പ്രതികള്‍ ജില്ലാ പഞ്ചായത്ത് സ്വീകരിച്ചു. ജനുവരി 25ഓടെ ഭൂരിപക്ഷം വിദ്യാലയങ്ങളും കൈയെഴുത്ത് പ്രതികള്‍ തയ്യാറാക്കി ഏല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഥകള്‍, കവിതകള്‍, യാത്രാവിവരണങ്ങള്‍, ചരിത്രരചനകള്‍, ലേഖനങ്ങള്‍, ശാസ്ത്ര ലേഖനങ്ങള്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങളായാണ് ഓരോ വിദ്യാലയവും കൈയെഴുത്ത് പ്രതികള്‍ തയ്യാറാക്കുക. കൈയെഴുത്ത് പ്രതികളുടെ കവര്‍ ചിത്രം ഉള്‍പ്പടെ കുട്ടികളാണ് തയ്യാറാക്കുന്നത്. ജില്ലാ പഞ്ചായത്ത് ഇതിന്റെ ഒരു പതിപ്പ് വീതം പ്രസിദ്ധീകരിക്കും. കുട്ടികള്‍ക്കിടയില്‍പോലും ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എഴുത്തും വായനയും മറ്റു സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും ലഹരിയാക്കി മാറ്റി വിദ്യാര്‍ഥി ജീവിതം ക്രിയാത്മകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിദ്യാര്‍ഥികളുടെ സൃഷ്ടികള്‍ അതാത് സ്‌കൂള്‍ പരിധിയിലെ എഴുത്തുകാര്‍ പരിശോധിക്കും. വിദ്യാരംഗം കണ്‍വീനര്‍മാര്‍ സ്‌കൂള്‍തലത്തില്‍ ഏകോപിപ്പിക്കും. തുടര്‍ന്ന് ജില്ലാതലത്തിലും സൂക്ഷ്മ പരിശോധന നടത്തും. ഒരു കൈയെഴുത്ത് പ്രതിയില്‍ അന്‍പതോളം സൃഷ്ടികളുണ്ടാകും.
ഭാവിയില്‍ വായനശാലകളിലും വിദ്യാലയങ്ങളിലെ ലൈബ്രറികളിലും ലഭിക്കത്തക്കവിധത്തിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക. പുസ്തക പ്രസാധന രംഗത്ത് ജില്ലാ പഞ്ചായത്ത് ചുവട് വെക്കുകയാണെന്നും കുട്ടികളുടെ കഴിവുകളെ കണ്ടെത്താന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

date