Skip to main content

തലശ്ശേരിയില്‍ ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങി

തലശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ നഗരഹൃദയത്തില്‍ ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങി. പുതിയ ബസ്റ്റാന്റില്‍ സദാനന്ദ പൈ ജംഗ്ഷനിലാണ് നഗരസഭ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്‍ ടൈഡ് ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കും ഒന്നാം നിലയില്‍ പുരുഷന്‍മാര്‍ക്കുമായി ആകെ 32 ശുചിമുറികളുണ്ട്. കൂടാതെ വിശ്രമമുറി, ക്ലോക്ക് റൂം, കഫ്റ്റീരിയ എന്നിവയും സജ്ജമാക്കി. തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും നടന്ന് എത്താവുന്ന ദൂരമായതിനാനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉള്‍പ്പടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനും ഇത് ഉപകാരപ്രദമാകും. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടം ഈ മാസം അവസാനത്തോടെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും നഗരസഭ അധ്യക്ഷ കെ എം ജമുന റാണി പറഞ്ഞു. തലശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപവും ടേക്ക് എ ബ്രേക്ക് കെട്ടിടം നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
 

date