Skip to main content

ഗുരുവായൂർ ദേവസ്വം നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഇന്ന് (ജനു.11)മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

 

നിർധന രോഗികൾക്ക് ആശ്വാസമാകുന്ന ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങുന്ന നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഇന്ന്  (ജനുവരി 11 )  നാടിന് സമർപ്പിക്കും. വൈകുന്നേരം 5 മണിക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി  പിണറായി വിജയൻ  നവജീവനം ഡയാലിസിസ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനാകും.

 ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സ്ഥാപകനും എക്സിക്യൂട്ടീവ്  ഡയറക്ടറുമായ കെ എൻ ആനന്ദകുമാർ പദ്ധതി വിശദീകരിക്കും. എൻ കെ അക്ബർ എം എൽ എ  മുഖ്യാതിഥിയും നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് വിശിഷ്ടാതിഥിയുമാകും. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും പറയും.വാർഡ് കൗൺസിലർമാരായ ഷിൽവ ജോഷി, ശോഭാ ഹരിനാരായണൻ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സ്റ്റേറ്റ് കോർഡിനേറ്റർ  അനന്തു കൃഷ്ണൻ ദേവസ്വം ഭരണസമിതി അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുക്കും.

ഗുരുവായൂർ നഗരസഭയിലെ ബ്രഹ്മ കുളത്താണ് 65 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഡയാലിസിസ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം എട്ടുപേർക്കും മാസം ഇരുന്നൂറ് പേർക്കും ഡയാലിസിസ് നടത്താം. ഒരു വർഷം 2400  നിർധന രോഗികൾക്ക് ഡയാലിസിസ് സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷ. ഡയാലിസിസ് കേന്ദ്രത്തിലേക്ക് രണ്ട് വിദഗ്ധ നേഴ്സുമാരുടെ സേവനവും മാസം ഒരു ലക്ഷം രൂപയുടെ മരുന്നും ദേവസ്വം  നൽകും .

date