Skip to main content

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: ജില്ലയില്‍ 10,000 സംരംഭങ്ങള്‍ ആരംഭിച്ചു 498 സംരംഭകര്‍ക്ക് 18.96 കോടിയുടെ ബാങ്ക് വായ്പയാണ് ലഭ്യമാക്കി

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10,000 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതിനോടകം 79 ശതമാനം നേട്ടമാണ് പദ്ധതിയിലൂടെ ജില്ല കൈവരിച്ചത്. 10,051 സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ 497.4 കോടിയുടെ നിക്ഷേപവും 22,123 പേര്‍ക്ക് തൊഴിലും ലഭിച്ചു. ഇതില്‍ 2729 സംരംഭങ്ങള്‍ വനിതകള്‍ ആരംഭിച്ചതാണ്. 498 സംരംഭകര്‍ക്കായി 18.96 കോടിയുടെ ബാങ്ക് വായ്പയാണ് ഇതുവരെ ലഭ്യമാക്കിയത്. ആരംഭിച്ച സംരംഭങ്ങളില്‍ 1290 എണ്ണം ഉത്പാദന മേഖലയിലും 4123 എണ്ണം സേവനമേഖലയിലും 4638 എണ്ണം വ്യാപാര മേഖലയിലും ഉള്‍പ്പെടുന്നു. വടക്കഞ്ചേരി, വടകരപ്പതി, നെല്ലിയാമ്പതി, പൊല്‍പ്പുള്ളി, കൊടുവായൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 100 ശതമാനം നേട്ടം കൈവരിച്ചു കഴിഞ്ഞു.
ഭക്ഷ്യസംസ്‌കരണം, വസ്ത്ര നിര്‍മ്മാണം, വിവിധ വ്യാപാര സ്ഥാപനം എന്നിവയിലാണ് ജില്ലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഗാര്‍മെന്റ്‌സ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് രംഗത്ത് 1381 സ്ഥാപനങ്ങള്‍ തുടങ്ങിയതിലൂടെ 42.81 കോടി രൂപയുടെ നിക്ഷേപവും 3047 പേര്‍ക്ക് തൊഴിലും ലഭിച്ചു. ഭക്ഷ്യ മേഖലയില്‍ 57.65 കോടി രൂപ നിക്ഷേപവുമായി 1329 സംരംഭങ്ങളാണ് ആരംഭിച്ചത്. 3462 പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിച്ചത്. സംരംഭകര്‍ക്ക് വ്യവസായ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

date