Skip to main content

മാമാങ്ക മഹോത്സവം: തിരുന്നാവായയിലെ സ്മാരകങ്ങള്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മാമാങ്ക മഹോത്സവത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളില്‍ സന്ദര്‍ശനം നടത്തി. തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളായ മണിക്കിണര്‍, നിലപാടുതറ, മരുന്നറ, പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ഫെബ്രുവരിയില്‍ മാമാങ്ക മഹോത്സവം നടത്തുന്നത്. ഫെബ്രുവരി ഏഴിന് നടക്കുന്ന മാമാങ്ക മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ കളരിപ്പയറ്റ് മത്സരം, പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനം, വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ്വുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍, ചരിത്ര സെമിനാറുകള്‍, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ നടത്തും. ഫെബ്രുവരി 6,7 തിയ്യതികളില്‍ അങ്കവാള്‍ പ്രയാണവും നടക്കും.
മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ചരിത്രവും പൈതൃകവും വര്‍ത്തമാന കാല സമൂഹത്തിന് പകര്‍ന്ന് നല്‍കുന്ന തരത്തിലാണ് മഹോത്സവം വിഭാവനം ചെയ്തിട്ടുള്ളത്. ചരിത്രവും ഐതിഹ്യങ്ങളും കെട്ട് പിണഞ്ഞ് കിടക്കുന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിപണന മേളയായിരുന്നു. പൈതൃക ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മേളയെ ജില്ലയുടെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റുന്നതോടൊപ്പം ചരിത്രരേഖകളുടെ ശേഖരണവും ക്രോഡീകരണവും നടപ്പിലാക്കും. ഭാവിയില്‍ മാമാങ്കത്തെ ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ മേളകളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സറീന ഹസീബ്, നസീബ അസീസ്, അംഗങ്ങളായ ഫൈസല്‍ എടശ്ശേരി, ബഷീര്‍ രണ്ടത്താണി, പി.കെ.സി അബ്ദുറഹിമാന്‍, വി.കെ.എം ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നത്ത് മുസ്തഫ,സ്ഥിരം സമിതി അധ്യക്ഷരായ ആയപ്പള്ളി നാസര്‍, സീനത്ത് ജമാല്‍, മാമ്പറ്റ ദേവയാനി, അംഗങ്ങളായ പള്ളത്ത് മുസ്തഫ, സൂര്‍പ്പില്‍ ബാവ ഹാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് അബ്ദുല്‍ റഷീദ്, ഡി.ടി.പി.സി പ്രതിനിധി കെ. വരുണ്‍, മാമാങ്ക സ്മാരകം കെയര്‍ ടേക്കര്‍ ഉമ്മര്‍ ചിറക്കല്‍, മാമാങ്കം സ്മാരക സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി അലവി, റി-എക്കൗ പ്രസിഡന്റ് സി. ഖിളര്‍, മാമാങ്കം ചരിത്രപഠനകേന്ദ്രം ചെയര്‍മാന്‍ നാസര്‍ കൊട്ടാരത്ത്, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. പരമേശ്വരന്‍, ടി.പി. മൊയ്തീന്‍ ഹാജി, പാറലകത്ത് യാഹുട്ടി, എന്നിവര്‍ പങ്കെടുത്തു.

 

date