Skip to main content

ദേശീയ യുവജനോത്സവത്തില്‍ മലപ്പുറത്തിന്റെ പ്രതിനിധികള്‍ക്ക് പുരസ്‌കാരം

കര്‍ണാടകത്തിലെ ഹൂബ്ലി-ധര്‍വാദില്‍ വെച്ച് ജനുവരി 12 മുതല്‍ 16 വരെ നടന്ന 26-ാമത് ദേശീയ യുവജനോത്സവത്തിലെ ഫുഡ് ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനവും ഫോട്ടോഗ്രാഫിയില്‍ മൂന്നാം സ്ഥാനവും മലപ്പുറം നെഹ്‌റു യുവ കേന്ദ്രയുടെ പ്രതിനിധികള്‍ കരസ്ഥമാക്കി. കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട്  മലബാറിലെ  തനത് സസ്യേതര ഇനങ്ങള്‍ പരിചയപ്പെടുത്തി കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ ഭരവാഹിയായ അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത  മന്‍സൂര്‍, മുഹമ്മദ് ജൗഹര്‍,മുഹമ്മദ് ആഷിഖ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ഫുഡ് ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഫോട്ടോഗ്രാഫി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത  മലപ്പുറം നെഹ്‌റു യുവ കേന്ദ്ര നാഷണല്‍ യൂത്ത് വളണ്ടിയര്‍ കൂടിയായ പി. ഹഫീല മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മലബാറിന്റെ തനത് വിഭവങ്ങളായ മലബാര്‍ ചിക്കന്‍ ബിരിയാണി, മലബാര്‍ മേഖലയിലെ അടുക്കളയിലെ സ്ഥിരം വിഭവങ്ങളായ അപ്പവും ചിക്കന്‍ കറിയും, ചിക്കന്‍ ഫ്രൈ, മലപ്പുറത്തിന്റെ സ്വന്തം ഇറച്ചി പുട്ട്, ചുക്കു കാപ്പി എന്നിവയാണ്  ഫുഡ് ഫെസ്റ്റിവലില്‍ പരിചയപ്പെടുത്തിയത്. കേന്ദ്ര  യുവജന കാര്യ കായിക മന്ത്രാലയവും കര്‍ണാടക സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച യുവജനോത്സവം   ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്  ഉദ്ഘാടനം ചെയ്തത്.  വിവിധ  സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 7500 യുവതീ-യുവാക്കളാണ് പ്രതിനിധികളായി യുവജനോത്സവത്തില്‍ പങ്കെടുത്തത്.

date