Skip to main content

ഇലട്രിക് വാഹനങ്ങള്‍ ഇനി ഇരിങ്ങാലക്കുടയിലെ നിരത്തുകളിലും ചാര്‍ജ്ജ് ചെയ്യാം,പോള്‍ മൗണ്ടഡ് ഇലട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇലട്രിക് വെഹിക്കിളുകളെ പോലെ പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക അന്തരീക്ഷ മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാനതാകമാനം കെ എസ് ഇ ബിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.കെ എസ് ഇ ബി പോള്‍ മൗണ്ടഡ് ഇലട്രിക് വെഹിക്കിള്‍  ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ ഇരിങ്ങാലക്കുട മണ്ഡല തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം കാട്ടൂര്‍ റോഡില്‍ ഇലട്രിക് വാഹനത്തില്‍ ചാര്‍ജ്ജ് ചെയ്ത് കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.തുടര്‍ന്ന് ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ ഇലട്രിസിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ലളിതാ കെ സി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീജ ജോസ് റിപോര്‍ട്ട് അവതരിപ്പിച്ചു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍,പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോസ് ജെ ചിറ്റിലപ്പിള്ളി,തമ്പി കെ എസ്,ലതാ ടി വി,സീമ പ്രേംരാജ്,ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്,എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മായ കെ ആര്‍ നന്ദി പറഞ്ഞു.കെ എസ് ഇ ബി ചാര്‍ജ്ജ് മോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുമായി സഹകരിച്ച് 9 കോടി ചിലവില്‍ ഒരു നിയോജക മണ്ഡലത്തില്‍ 5 എന്ന നിലയില്‍ സംസ്ഥാനത്ത് 1165 പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംങ്ങ് സ്‌റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.ഇരിങ്ങാലക്കുടയില്‍ ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ ശ്രമഫലമായി റെയില്‍ വേ സ്റ്റേഷന്‍,ബസ് സ്റ്റാന്റ്,ഠാണാ ബൈപ്പാസ് ജംഗ്ഷന്‍,മാപ്രാണം,പുല്ലൂര്‍,നടവരമ്പ്,എടതിരിഞ്ഞി,കാട്ടൂര്‍,കാറളം,കൊമ്പടിഞ്ഞാമക്കല്‍ എന്നിവിടങ്ങളിലായി 10 പോള്‍ മൗണ്ടഡ് സ്‌റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.2 മണിക്കൂര്‍ സമയം കൊണ്ട് ഓട്ടോറിക്ഷകളുടെ ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ചെയ്യാവുന്നതും ഈ ബാറ്ററി ഉപയോഗിച്ച് 120 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്നതുമാണ്.ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിന് 50 രൂപയില്‍ താഴെ മാത്രമെ ചിലവ് വരുകയുള്ളു.പ്ലേ സ്റ്റോറില്‍ നിന്നും ചാര്‍ജ്ജ് മോഡ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രിപെയ്ഡ് ആയി പണം അടച്ച് വേണം വാഹനങ്ങള്‍ ഇത്തരം സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യുവാന്‍.

date