Skip to main content
തൃശ്ശൂർ പൂരം ആലോചനായോഗം  ചേർന്നു.

തൃശൂര്‍ പൂരം കൂടുതല്‍ പ്രൗഢിയോടെയും വിപുലമായും നടത്താന്‍ തീരുമാനം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇത്തവണത്തെ പൂരത്തിന് എത്തുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രൗഢിയോടെയും എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിപുലമായും തൃശൂര്‍ പൂരം സംഘടിപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രാഥമിക ആലോചനാ യോഗത്തില്‍ തീരുമാനം. ജില്ലാ കലക്ടറുടെ ചേംബറില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കൂടുതല്‍ ആളുകള്‍ക്ക് പൂരം ആസ്വദിക്കാന്‍ കഴിയും വിധം ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്തുന്ന പൂരമെന്ന നിലയില്‍ അതിനെ കൂടുതല്‍ സുരക്ഷിതവും ആകര്‍ഷകവുമാക്കണം. കൂടുതല്‍ പേര്‍ക്ക് പൂരം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്വരാജ് റൗണ്ടിലെ ഏതൊക്കെ കെട്ടിടങ്ങളില്‍ ആളുകള്‍ക്ക് കയറിനില്‍ക്കാനാവും എന്നതിനെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂരത്തിന് മുമ്പ് സാധ്യമാവുന്ന രീതിയില്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.

പൂരത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കി പഴുതടച്ച സജ്ജീകരണങ്ങളൊരുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുവരണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആനകളുടെ ഫിറ്റ്‌നെസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാലേക്കൂട്ടി ഉറപ്പുവരുത്തണം. വെടിമരുന്ന് ഉള്‍പ്പെടെയുള്ളവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പരിശീലനം അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കണം. പൂരം നടത്തിപ്പിന്റെ കാര്യത്തില്‍ എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ഒരു ഉന്നത തല യോഗം തിരുവനന്തപുരത്ത് വെച്ച് ചേരാനും യോഗത്തില്‍ ധാരണയായി.

കഴിഞ്ഞ തവണ പരിമിതമായ തോതില്‍ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്‍പ്പെടെ പൂരം ആസ്വദിക്കാന്‍ അവസരം നല്‍കിയത് വലിയ തോതില്‍ സ്വീകരിക്കപ്പെട്ടതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അഭിപ്രായപ്പെട്ടു. ഇത്തവണത്തെ പൂരം കൂടുതല്‍ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ സമഗ്രമാക്കുന്നതിനുള്ള ചര്‍ച്ചകളുണ്ടാവണം. വെടിക്കെട്ട് ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് കാണുന്നതിന് ഫയര്‍ലൈന്‍ പരമാവധി ഗ്രൗണ്ടിനകത്തേക്ക് മാറ്റി സ്വരാജ് റൗണ്ടിന്റെ എതിര്‍വശത്ത് ആളുകള്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ സൗകര്യമൊരുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമായ രീതിയില്‍ പൂരം നടത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ വാഗ്ദാനം ചെയ്തു. കൂടുതല്‍ പേര്‍ക്ക് പൂരം ആസ്വദിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. തെക്കെ ഗോപുരനട തുറക്കുന്ന ചടങ്ങ് കൂടുതല്‍ വിപുമാക്കുന്നതിനെ കുറിച്ച് ആലോചിക്കണം. മഠത്തില്‍ വരവ് വേളയില്‍ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കുടമാറ്റത്തിന്റെ സമയദൈര്‍ഘ്യം കുറയ്ക്കാന്‍ ഇരു ദേവസ്വങ്ങളും ചേര്‍ന്ന് തീരുമാനിച്ചതായും പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. 35 സെറ്റ് കുടകളും അഞ്ച് സെറ്റ് സ്‌പെഷ്യല്‍ കുടകളുമായി കുടമാറ്റത്തിന്റെ എണ്ണം കുറയ്ക്കും.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, പി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി അംഗം എം കെ സുദര്‍ശന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി ഡി ശോഭന, അസിസ്റ്റന്റ് കമ്മീഷണര്‍ വി എന്‍ സ്വപ്ന, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം ബാലഗോപാല്‍, സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദര്‍ മേനോന്‍, സെക്രട്ടറി കെ ഗിരീഷ് കുമാര്‍, ശ്രീ വടക്കുംനാഥന്‍ ദേവസ്വം മാനേജര്‍ പി കൃഷ്ണകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ദര്‍ശനം മാസിക മാനേജര്‍ സജീവ് പി വി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date