Skip to main content
കോട്ടയം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രനടൻ കോട്ടയം രമേശ് പൂരിപ്പിച്ച ഡെലിഗേറ്റ് ഫോം നിർമാതാവ് ജോയ് തോമസിന് കൈമാറി കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷന് തുടക്കം കുറിച്ചപ്പോൾ. ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീൺ, പ്ലസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി അനീഷ് കുര്യൻ, നഗരസഭാംഗം സജി കോട്ടയം, ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി, ഫെസ്റ്റിവൽ ചെയർമാനായ സംവിധായകൻ ജയരാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, സംവിധായകൻ പ്രദീപ് നായർ എന്നിവർ സമീപം.

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള; ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രനടൻ കോട്ടയം രമേശ് ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് നിർമാതാവ് ജോയി തോമസിന് കൈമാറി ഓഫ്‌ലൈൻ രജിസ്‌ട്രേഷന് തുടക്കം കുറിച്ചു. ഫെസ്റ്റിവൽ ചെയർമാനായ സംവിധായകൻ ജയരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രമേളയുടെ കൺവീനറും സംവിധായകനുമായ പ്രദീപ് നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി അനീഷ് കുര്യൻ എന്നിവർ സംസാരിച്ചു. ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളി, നിഖിൽ എസ്. പ്രവീൺ, നഗരസഭാംഗം സജി കോട്ടയം, ചലച്ചിത്ര അക്കാദമി റീജണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട്,  സംഘാടകസമിതിയംഗങ്ങളായ  കോട്ടയം പദ്മൻ,  വി. ജയകുമാർ, രാഹുൽ രാജ്, ഇ.വി. പ്രകാശ്, എബ്രഹാം കുര്യൻ, അമിത് പി. മാത്യു, ജോർജ് കെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ചൊവ്വാഴ്ച (ഫെബ്രുവരി 14) മുതൽ ഓഫ്‌ലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നേരത്തേ ആരംഭിച്ചിരുന്നു. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.
അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സെമിനാർ, സിനിമ ചരിത്ര പ്രദർശനം, കലാസന്ധ്യ എന്നിവ നടക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

date