Skip to main content
കൊണ്ടാഴി - മായന്നുർ ഗ്രൂപ്പ് വില്ലേജ് ഓഫീസ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയുന്നു

സ്മാർട്ടായി കൊണ്ടാഴി - മായന്നൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ്

ഓഫീസ് സ്മാർട്ടാകുന്നത് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അതിവേഗ പരിഹാരമാവുമ്പോൾ: മന്ത്രി കെ രാജൻ

ഭൗതിക സാഹചര്യങ്ങളുടെ മാറ്റം കൊണ്ടുമാത്രം വില്ലേജ് ഓഫീസുകൾ സ്മാർട്ടാവില്ലെന്നും ഹൃദയത്തിൽ തട്ടിയ വേദനയുമായി കടന്നുവരുന്ന ഒരാളുടെ പ്രശ്നത്തിന് അതിവേഗം തീർപ്പാക്കുമ്പോൾ മാത്രമേ വില്ലേജ് ഓൾഫീസുകൾ സ്മാർട്ടായെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാനാവൂ എന്നും റവന്യു മന്ത്രി കെ രാജൻ. കൊണ്ടാഴി - മായന്നൂർ ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവന്യു വകുപ്പ് നവനവങ്ങളായ മാറ്റങ്ങളോടെ മുന്നോട്ടുപോകുന്ന കാലഘട്ടമാണിതെന്നും അതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരും പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ചേർന്ന് മാസത്തിൽ ഒരിക്കൽ വില്ലേജ് തല ജനകീയ സമിതികൾ കൂടുന്നതരത്തിൽ വില്ലേജ് ഓഫീസുകളെ ജനാധിപത്യവത്കരണത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവർഗ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകൾക്കും മറ്റു സർട്ടിഫിക്കറ്റുകൾക്കുമായി എത്തിപ്പെടുന്ന കേന്ദ്രത്തിന്റെ ഭൗതികസാഹചര്യം മെച്ചപ്പെട്ടതായിരിക്കണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫീസുകൾ മാത്രമല്ല, കളക്ടറേറ്റിന്റെയും ജനങ്ങളുടെ അഭയകേന്ദ്രമായ എല്ലാ സർക്കാർ ഓഫീസുകളുടെയും ഭൗതികസാഹചര്യം മെച്ചപ്പെടണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന നിർമ്മിതികേന്ദ്രം പ്രൊജക്റ്റ് എഞ്ചിനീയർ എ എം സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവില്വാല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പത്മജ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ശശിധരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം  ദീപ എസ് നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  പി എം അനീഷ്, ആശാദേവി, വാർഡ് മെമ്പർമാരായ നിഷമോൾ, സ്മിത സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ഹരിത വി കുമാർ സ്വാഗതവും എം സി അനുപമൻ നന്ദിയും പറഞ്ഞു.

date