Skip to main content

മഴക്കാല മുന്നൊരുക്ക യോഗം ചേർന്നു; സ്‌കൂൾ് തുറക്കുന്നതിന് മുമ്പ് സ്‌കൂൾകെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് ഉറപ്പാക്കണം-മന്ത്രി പി.പ്രസാദ് -മഴക്കാല മുന്നൊരുക്കത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാംപെയിൻ 

ആലപ്പുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനും മറ്റ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ   അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. തോമസ് കെ. തോമസ് എം.എൽ.എ, ജില്ല കളക്ടർ ഹരിത വി കുമാർ, സബ് കളക്ടർ സൂരജ് ഷാജി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വെള്ളപ്പൊക്ക പ്രശ്‌നങ്ങൾക്ക് അടിയന്തരമായ ഇടപെടലുകൾ നടത്തുന്നതിനൊപ്പം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും അതീവ പ്രാധാന്യത്തോടെ നടത്തണമെന്ന് മന്ത്രി പറഞ്ഞു. യുവജന സംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  മഴക്കാലപൂർവ്വ ശുചീകരണം വലിയൊരു കാമ്പയിൻ ആയി ഏറ്റെടുക്കണം. മഴക്കാലത്ത് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാനായി  കെട്ടിടങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളണം. ഫിറ്റ്‌നസ് ഇല്ലാത്ത വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്താൻ അനുവദിക്കരുത് വിദ്യാർത്ഥികളുടെ ഗതാഗത സംവിധാനങ്ങളിലും ഫിറ്റ്‌നസ് ഉറപ്പാക്കണമെന്നും അതിൽ യാതൊരു ഇളവും നൽകരുതെന്നും മന്ത്രി പറഞ്ഞു.

അന്ധകാരനഴി, തോട്ടപ്പള്ളി പൊഴികൾ, പുളിക്കീഴ് ബണ്ട് എന്നിവ ആവശ്യഘട്ടത്തിൽ മുറിയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ട വകുപ്പുകൾ  അറിയിച്ചു. അതത് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനാവുന്ന കെട്ടിടങ്ങൾ കണ്ടെത്തി ജില്ല ദുരന്തനിവാരണ അതോറിട്ടിയെ അറിയിക്കാൻ യോഗത്തിൽ ജില്ല കളക്ടർ നിർദ്ദേശം നൽകി.മുൻവർഷങ്ങളിൽ ക്യാമ്പിനായി ഉപയോഗിച്ചിരുന്ന സ്‌കൂളുകളും മറ്റു കേന്ദ്രങ്ങളും മതിയായ സജ്ജീകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുവാനും തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.പാണ്ടി, പെരുമാങ്കര, ഇരുപത്തെട്ടിൽ കടവ് പാലങ്ങൾക്കടിയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ മാലിന്യങ്ങൾ നീക്കം ചെയ്യും.  

എ.സി റോഡ് നിർമ്മാണം നടക്കുന്നതിനാൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിൽ നിന്നും ജനങ്ങളെ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ഗതാഗത മാർഗ്ഗം തയ്യാറാക്കുന്നതിനായി  ബന്ധപ്പെട്ട വകുപ്പുകളെ ചേർത്ത്  തിങ്കളാഴ്ച പ്രത്യേക പ്ലാൻ രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. 
താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കും. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലുകൾ വെട്ടിമാറ്റുവാനും തകരാറിലായിരിക്കുന്ന ട്രാൻസ്‌ഫോർമറുകൾ, വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ അടിയന്തിരമായി പൂർവസ്ഥിയിലാക്കി വൈദ്യുതി തടസ്സമില്ലാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കെ എസ് ഇ ബിക്ക്  നിർദ്ദേശം നൽകി. അടിയന്തിര സാഹചര്യങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കേണ്ടി വരുമ്പോൾ ഭക്ഷണ വിതരണത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകാൻ സിവിൽ സപ്പ്‌ളൈസ് വകുപ്പ് നടപടി സ്വീകരിക്കണം.  ജില്ലയിലെ മുഴുവൻ തോടുകളിലെയും ആറുകളിലെയും തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ജലസേചന വകുപ്പിനു നിർദ്ദേശം നൽകി. ഹൗസ്‌ബോട്ട് പോലെയുള്ള ജലയാനങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുവാൻ ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കണം. പിഡബ്ല്യുഡി അറ്റകുറ്റപ്പണികൾ നടത്തേണ്ട മുഴുവൻ റോഡുകളും മഴക്കാലത്തിനു മുൻപായി തന്നെ പൂർത്തീകരിക്കണം. റോഡരികിലെ ഓടകൾ മുഴുവനും വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.  പഞ്ചായത്തുതല ശുചീകരണം ഓരോ പഞ്ചായത്തിന്റെയും ഉത്തരവാദിത്തമാണ്. പഞ്ചായത്തു തല ദുരന്ത നിവാരണ കമ്മറ്റികൾ കൂടണം. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ജനങ്ങളുടെ സംരക്ഷണം പോലീസും ഫയർ ആൻഡ് റെസ്‌ക്യൂവും ഉറപ്പുവരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു.
മഴക്കാലത്ത് വളർത്തുമൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അതിനുള്ള ഷെൽട്ടറുകൾ മുൻകൂട്ടി തന്നെ കണ്ടെത്തേണ്ടതും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മൃഗസംരക്ഷണവകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പ് ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കേണ്ടി വരുന്ന സ്‌കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ വേണ്ടി വരികയാണെങ്കിൽ അതിനുള്ള വാഹന സൗകര്യം കെഎസ്ആർടിസി, ജല ഗതാഗത ഉദ്യോഗസ്ഥർ ഉറപ്പാക്കണം. വാട്ടർ അതോറിട്ടി ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം. കോസ്റ്റൽ പോലീസ് മൺസൂൺ കാലയളവിൽ കടലിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിലേക്ക് ആവശ്യമായ ബോട്ടുകൾ സജ്ജമാക്കി കടലിൽ പെട്രോളിങ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചിട്ടുണ്ട്്.

date