Skip to main content

ദാരിദ്ര്യനിർമാർജനത്തിന് രാജ്യത്തുതന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ് ' ഒപ്പം ' -മന്ത്രി പി പ്രസാദ്

 

 ദാരിദ്ര്യ നിർമാർജനത്തിന്  ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ' 'ഒപ്പം' എന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.
ഓരോ വീടുകളെയും കുടുംബങ്ങളെയും സഹായിക്കുക എന്നതിനോടൊപ്പം കിടപ്പുരോഗികൾ അടക്കമുള്ള ആളുകൾക്ക് റേഷൻ വിഹിതം അവരുടെ വീടുകളിലേക്ക് എത്തിക്കുക എന്നുള്ളതുകൂടിയാണ്  സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചേർത്തലയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ 'ഒപ്പം ' പദ്ധതിയുടെ ഉദ്ഘാടനവും വാഹനത്തിൻറെ ഫ്‌ലാഗ് ഓഫും വയലാറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം ദാരിദ്ര്യ നിർമ്മാർജ്ജനമാണ്.ദാരിദ്ര്യം അനുഭവിക്കുന്നവരിൽ കിടപ്പുരോഗികളായിട്ടുള്ളവർക്ക് റേഷൻ വിഹിതമുണ്ടെങ്കിലും സമയത്ത് അതെല്ലാം വാങ്ങാൻ പല കുടുംബത്തിനും കഴിയാതെ പോകുന്നു. അവരെ എങ്ങനെ സഹായിക്കാം എന്ന കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വളരെ ഗൗരവമായി ആലോചിച്ച് കണ്ടെത്തിയ പദ്ധതിയാണ് ഒപ്പം. ഇവർക്കുള്ള സാധനങ്ങൾ എത്തിക്കുവാൻ സുമനസ്സുകളുടെ സഹായം തേടാൻ തീരുമാനിച്ചു.അങ്ങനെയാണ് ഓട്ടോ ഡ്രൈവർമാരുടെ സഹകരണത്തോടുകൂടി ഈ പരിപാടി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതെന്നും  മന്ത്രി പറഞ്ഞു.

കിടപ്പുരോഗികൾക്കും അവശ ജനവിഭാഗങ്ങൾക്കും അവരുടെ റേഷൻ വിഹിതം സേവനസന്നദ്ധരായ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ അവരവരുടെ വീടുകളിൽ സൗജന്യമായി നേരിട്ട് എത്തിക്കുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്  ഒരുക്കിയിട്ടുള്ള നൂതന പദ്ധതിയാണ് ' ഒപ്പം '. സാധനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിനായി മുന്നോട്ടുവന്ന ഓട്ടോറിക്ഷ തൊഴിലാളി സുനിലിനെ ചടങ്ങിൽ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങിൽ വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷയായി. വയലാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി നായർ, ഒൻപതാം വാർഡ് മെമ്പർ ദീപക് ദേവ്,താലൂക്ക് സപ്ലൈ ഓഫീസർ സി ജയപ്രകാശ്,
അസി.താലൂക്ക് സപ്ലൈ ഓഫീസർ എസ് സുധീർബാബു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, റേഷൻ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date