Skip to main content

ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് 2861 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകി:മന്ത്രി പി പ്രസാദ്

ഒന്നാം പിണറായി വിജയൻ സർക്കാരിൻറെ കാലത്ത് 2861 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റി വെച്ചെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. തണ്ണീർമുക്കം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ 150-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത കാലത്തായി 6.79 ലക്ഷം വിദ്യാർഥികളാണ് പുതുതായി പൊതു വിദ്യാലയങ്ങളിലേക്ക് അധികമായി ചേർന്നത്. ഈ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പാഠ പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സാധിച്ചു. നീതി അയോഗിൻറെ സൂചികയിൽ വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരത്തിൽ കേരളം ഒന്നാമതാണ്. 150 വർഷങ്ങൾക്ക് മുൻപ് വിദ്യാഭ്യാസം എല്ലാവർക്കും തുല്യമായി ലഭിക്കാതിരുന്ന കാലത്ത് ഒരു സ്കൂൾ ആരംഭിക്കുക എന്നത് ലോക അത്ഭുതമാണ്. അങ്ങനെ ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നും മന്ത്രി പറഞ്ഞു.

നവീകരിച്ച മുഖ്യ കവാടം, പുതിയ സ്കൂൾ കെട്ടിടം, ഭിന്നശേഷി സൗഹൃദ ക്ലാസ് മുറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

തണ്ണീർമുക്കം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാനും ജില്ല പഞ്ചായത്ത് അംഗവുമായ പി.എസ്. ഷാജി അധ്യക്ഷത വഹിച്ചു.

പാചകപ്പുരയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ബിജു, യു.എസ്. സജീവ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. ശശികല, വൈസ് പ്രസിഡൻറ് പ്രവീൺ ജി. പണിക്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഹേന, ഗിരീഷ് മലേപറമ്പിൽ, പി.ടി.എ പ്രസിഡൻ്റ് വി.സൈജു, സ്കൂൾ പ്രിൻസിപ്പൽ പി. ജയലാൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

date