Skip to main content

സഹ്യകിരണം; ശില്‍പശാല തുടങ്ങി

ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സീമാറ്റ്-കേരള രൂപം നല്‍കിയ സഹ്യകിരണം പരിശീലന പരിപാടിക്ക് തുടക്കമായി. സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ ആരംഭിച്ച സഹ്യകിരണം പരിശീലന പരിപാടി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സഹ്യകിരണം പരിപാടി നടത്തുന്നത്.
സീമാറ്റ്-കേരള ഗോത്ര മേഖലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ക്കനുസൃതമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. സഹ്യ ചെയ്ഞ്ച് ടീമാണ് പരിശീലനത്തിന്റെ മാസ്റ്റര്‍ ട്രെയ്‌നര്‍. ഗോത്ര വിദ്യാഭ്യാസ കാര്യങ്ങളില്‍ അറിവും, പ്രവര്‍ത്തന പരിചയവുമുള്ള 50 ലധികം ആളുകളെയാണ് സഹ്യ ചെയ്ഞ്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സമീപനത്തിലും, മനോഭാവത്തിലുമുള്ള കാലോചിതമായ മാറ്റങ്ങളെക്കുറിച്ചാണ് ശില്‍പശാല ചര്‍ച്ച ചെയ്യുന്നത്. ചെയ്ഞ്ച് മാനേജ്മെന്റ്, കണ്‍വേര്‍ജന്‍സ്, അക്കാദമിക ഇന്റര്‍വെന്‍ഷന്‍, വൊക്കേഷണലൈസേഷന്‍, മൈക്രോ പ്ലാനിംഗ് തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയുള്ള മൊഡ്യൂള്‍ പ്രിപ്പറേഷനും ശില്‍പശാലയില്‍ നടക്കും.
പരിശീലനം ലഭിച്ച സഹ്യ ചെയ്ഞ്ച് ടീം അംഗങ്ങളുടെ സഹായത്തോടെ വിവിധ ജില്ലകളിലും തുടര്‍ പരിശീലനങ്ങള്‍ നടത്തും. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും, പ്രഥമാധ്യാപകര്‍ക്കുമുള്ള പരിശീലനം സീമാറ്റിന്റെ  നേതൃത്വത്തില്‍ സംഘടിപ്പിക്കും. സഹ്യകിരണം പരിപാടിയുടെ ഭാഗമായി പ്രാദേശികതല പരിശീലനങ്ങള്‍ സഹ്യ ചെയ്ഞ്ച് ടീമിന്റെ സഹായത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ മറ്റ് ഏജന്‍സികള്‍ സംഘടിപ്പിക്കും. സീമാറ്റ്-കേരള ഡയറക്ടര്‍ ഡോ.വി.ടി സുനില്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ബാസ് അലി, സീമാറ്റ്-കേരള ചിഫ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് ബാബു, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ശില്‍പശാലക്ക് നേതൃതം നല്‍കി.

date