Skip to main content

എന്റെ കേരളം മെഗാമേളയില്‍ ശ്രദ്ധ നേടി ശ്രീചിത്ര ഹോമിലെ ബധിര-മൂക വിദ്യാര്‍ഥി രാഹുലിന്റെ ചിത്രപ്രദര്‍ശനം

സ്‌നേഹമെന്നത് അനിര്‍വചനീയമാണ്. അനുഭവിച്ചറിയാന്‍ മാത്രം കഴിയുന്നത്. വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ വരച്ചിടാന്‍ കഴിയാത്തത്. രാഹുല്‍ എന്ന 23 കാരന്റെ ചിത്രങ്ങളില്‍ നിറയുന്നതും സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളാണ്. കുടുംബ ബന്ധങ്ങളുടെ സുരക്ഷിതത്വമാണ്. തിരുവനന്തപുരം ശ്രീചിത്ര പുവര്‍ഹോമിലെ അന്തേവാസിയാണ് രാഹുല്‍. ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല. എന്നിട്ടും രാഹുലിന്റെ ചിത്രങ്ങള്‍ മനോഹരമായി സംസാരിക്കുന്നുണ്ട്, സ്‌നേഹത്തിന്റെ ഭാഷയില്‍.

ഇതിനോടകം തന്നെ പല എക്‌സിബിഷന്‍ വേദികളിലും മികച്ച പ്രതികരണം ലഭിച്ചതിന്റെ കരുത്തിലാണ് ശ്രീചിത്ര ഹോം സൂപ്രണ്ട് ബിന്ദു വി. രാഹുലിനെ എന്റെ കേരളം മെഗാമേളയില്‍ ചിത്ര പ്രദര്‍ശനത്തിനായി എത്തിച്ചത്. രാഹുല്‍ വരച്ചത് ഉള്‍പ്പടെ 25ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കുടുംബ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും നിഴലിപ്പുള്ള 'സിംഹത്തിന്റെ കുടുംബ'മെന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ കുഞ്ഞിനൊപ്പമുള്ള അച്ഛൻ സിംഹത്തിന്റെ മുഖത്ത് വളരെ ശാന്തമായ ഭാവമാണ്. പ്രകൃതിയും പക്ഷികളും ഇണകളായ വേഴാമ്പലുകളും കണ്ടുമറന്ന യാത്രകള്‍ സമ്മാനിച്ച ഓര്‍മ്മകളില്‍ നിന്നും രാഹുല്‍ വരച്ച് ചേര്‍ത്തവയാണ്. വാട്ടർ കളർ, അക്രിലിക് പെയിന്റിങ്, പെൻസിൽ ഡ്രോയിങ്  എന്നിങ്ങനെ വിവിധ തരം പെയിന്റിങ്ങുകൾ പ്രദർശനത്തിലുണ്ട്.

മൂന്ന് വയസിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് രാഹുലിനെ. പോകാൻ ഒരിടം ഇല്ലാത്തതിനാൽ ഇപ്പോഴും ശ്രീചിത്ര ഹോമിലാണ് താമസം. മികച്ചൊരു ഡാന്‍സര്‍ കൂടിയാണ് രാഹുല്‍. മേളയിലെത്തി തന്റെ ചിത്രങ്ങള്‍ കണ്ട് മടങ്ങുന്നവരോട് ആംഗ്യഭാഷയില്‍ നന്ദി പറയാനും രാഹുല്‍ മറക്കാറില്ല.

date