Skip to main content

എന്റെ കേരളം മെഗാ മേള: മികച്ച സ്റ്റാളുകൾക്കും മാധ്യമങ്ങൾക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു

എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ പങ്കാളികളായ വിവിധ വകുപ്പുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും മേളയുടെ മികച്ച കവറേജിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരങ്ങളും വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍  നടന്ന ചടങ്ങിൽ എം എൽ എ മാരായ വി കെ പ്രശാന്ത്, കെ ആൻസലൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്  എന്നിവര്‍ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

രണ്ടു വകുപ്പുകളാണ് മികച്ച എക്‌സിബിഷന്‍ സ്റ്റാൾ സമ്മാനം കരസ്ഥമാക്കിയത്. ഒന്നാം സ്ഥാനം ജയില്‍ വകുപ്പും  വനിതാ ശിശു വികസന വകുപ്പും പങ്കിട്ടു. രണ്ടാം സ്ഥാനം കേരള പോലീസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവർ കരസ്ഥമാക്കി. മികച്ച വിപണന സ്റ്റാളിനുള്ള ഒന്നും രണ്ടും സ്ഥാനങ്ങള്‍ സപ്ലൈക്കോ എക്സ്പ്രസ് മാര്‍ട്ടും, ഹോര്‍ട്ടിക്കോര്‍പ്പും നേടി. മികച്ച സേവന സ്റ്റാളിനുള്ള ഒന്നാം സ്ഥാനം അക്ഷയയും ( ഐ.ടി മിഷന്‍) രണ്ടാം സ്ഥാനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സ്വന്തമാക്കി. മികച്ച ഫുഡ് കോര്‍ട്ടിനുള്ള ഒന്നാം സ്ഥാനം ജയില്‍ വകുപ്പും രണ്ടാം സ്ഥാനം സാഫും കരസ്ഥമാക്കി. ഭാരതീയ ചികിത്സാ വകുപ്പ് ( ആയുഷ്) ജനപ്രിയ സ്റ്റാളിനുള്ള പുരസ്‌കാരം നേടി.

മേളയുടെ വാര്‍ത്താ കവറേജിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തില്‍ അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം കലാകൗമുദിയിലെ ബി. വി അരുണ്‍കുമാറിനും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ വിന്‍സന്റ് പുളിക്കലിനും മികച്ച കവറേജിനുള്ള പുരസ്കാരം ജനയുഗത്തിനും ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി 24 ന്യൂസിലെ ആദില്‍ പാലോടും മികച്ച ക്യാമറാമാനായി 24 ന്യൂസിലെ ജിനു എസ് രാജും തിരഞ്ഞെടുക്കപ്പെട്ടു. കൈരളി ടിവിക്ക് സമഗ്ര കവറേജിനുള്ള പുരസ്കാരവും ലഭിച്ചു. ഓണ്‍ലൈന്‍ മീഡിയ വിഭാഗത്തില്‍ സമഗ്ര കവറേജിന് ഇടിവി ഭാരതും റേഡിയോ വിഭാഗത്തില്‍ ക്ലബ്ബ് എഫ്.എമ്മും പുരസ്‌കാരം കരസ്ഥമാക്കി.

മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ ചെയർമാനും പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർമാരായ ശൈലേന്ദ്രൻ, സുനിൽ ഹസ്സൻ എന്നിവർ അംഗങ്ങളുമായ മീഡിയ കമ്മിറ്റിയാണ് മാധ്യമ അവാർഡുകൾ നിർണയിച്ചത്. സബ് കളക്ടർ അശ്വതി ശ്രീനിവാസ്, പബ്ലിക് റിലേഷൻസ് വകുപ്പ് ഫിലിം പ്രൊഡക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺ, പബ്ലിക് റിലേഷൻസ് വകുപ്പ് ഇൻഫർമേഷൻ ഓഫീസർ ഇന്ദുശേഖർ, പബ്ലിക് റിലേഷൻസ് വകുപ്പ് ആർട്ടിസ്റ്റ് പ്രകാശ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് സ്റ്റാളുകൾക്കുള്ള അവാർഡ് നിർണയിച്ചത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസ്സൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date