Skip to main content

തീരപ്രദേശങ്ങളില്‍ മണല്‍കൊണ്ടുള്ള തട  നിര്‍മ്മാണം ഉടന്‍ തുടങ്ങും

 

ജില്ലാദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു

ജില്ലയിലെ തീരപ്രദേശങ്ങളില്‍ മണല്‍കൊണ്ടുള്ള തട 
നിര്‍മ്മാണം ഉടന്‍ തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. 

മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളില്‍ തീരപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ചെല്ലാനത്തെ ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മ്മാണം പുരോഗമിക്കുകയാണ്. ടെട്രാപോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുല്ലശ്ശേരി കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി ചെന്നൈ മോഡലില്‍ മെഷിനറികള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

എല്ലാ പഞ്ചായത്തുകളും മഴക്കാലപൂര്‍വ്വ മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കണം. മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണി മുന്‍നിര്‍ത്തി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കി. 

പി.ഡബ്ല്യു.ഡിയും ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ജില്ലയിലെ തൂക്കുപാലങ്ങള്‍ പരിശോധിക്കണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണശാലകള്‍ കണ്ടെത്താനും നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. വിദ്യാലയങ്ങളിലെ ദുരന്തനിവാരണ കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ശ്രീദേവി, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യശോദ ദേവി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.എം സുനിത,  ജില്ലാ ഫയര്‍ ഓഫീസര്‍ എ.ഹരികുമാര്‍, എസ്.പി രാജേഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date