Skip to main content

ശ്രദ്ധയോടെ എറണാകുളം ' : ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണം ശക്തമാക്കാൻ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

 

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

 ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ  ഒരുങ്ങി ആരോഗ്യ വകുപ്പ്.   ശ്രദ്ധയോടെ എറണാകുളം എന്ന പേരിൽ ആരോഗ്യജാഗ്രത പകർച്ചവ്യാധി നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

  ആരോഗ്യ ജാഗ്രത - ശ്രദ്ധയോടെ എറണാകുളം ക്യാമ്പയിൻ, മീസിൽസ് റുബില്ല നിർമാർജ്ജന പരിപാടി , ലോക ജനസംഖ്യ ദിന പരിപാടികൾ എന്നിവയെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. വിവിധ വകുപ്പുകളുടെ ഏകോപനത്തെയാണ് ശ്രദ്ധയോടെ എറണാകുളം ക്യാമ്പയിൻ നടപ്പാക്കുക. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും, വീടുകളിലും, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കും.  ജില്ലയിൽ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചൂർണിക്കര, വാഴക്കുളം, തൃക്കാക്കര, ഇടച്ചിറ, പായിപ്രമേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. ഉറവിട നശീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി  ഉറവിടം കണ്ടെത്തുന്ന ഇടങ്ങളിൽ വ്യക്തികളിൽ നിന്ന് പിഴ ചുമത്തും. ഉറവിട നശീകരണം  ആരോഗ്യ പ്രവർത്തകരുടെ ഉത്തരവാദിത്വം മാത്രമല്ല ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണെന്നത് ജനങ്ങളിലേക്ക് എത്തിക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പിടി കൂടാതെ പ്രതിരോധം തീർക്കുന്നതിന് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഉറവിട നശീകരണത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായി മാലിന്യനിർമ്മാർജനം,വീടുകളുടെ അകത്തളങ്ങളിൽ നിന്ന്  ചെടികളും മറ്റും മാറ്റുന്ന പ്രവർത്തനം എന്നിവ നടപ്പിലാക്കും. തൊഴിലുറപ്പ് തൊഴിലാളികളും മണ്ണിലും ചെളിയിൽ ഇറങ്ങി പണിയെടുക്കുന്നവരും കൃത്യമായി എലിപ്പനി പ്രതിരോധ ഗുളിക ഡോക്സി സൈക്ലിൻ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. 

വിദ്യാഭ്യാസ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, തൊഴിൽ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്  തുടങ്ങിയ വകുപ്പുകളെ ഏകോപിപിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കായി ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുന്നത് അടയാളപ്പെടുത്തുന്നതിനുള്ള കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിൽ ഉറവിട നശീകരണം നടത്തി അടയാളപ്പെടുത്തുന്നതിനുള്ള ചെക്ക് ലിസ്റ്റ് വിദ്യാലയങ്ങളിൽ  വിതരണം ചെയ്യും . ക്ഷീര വികസന വകുപ്പിനും കൃഷിവകുപ്പിനും വിവിധ ഇടങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ  ബോർഡുകളും ആരോഗ്യ വകുപ്പിൽ നിന്ന് നൽകിയിട്ടുണ്ട്.

 ജില്ലാ മെഡിക്കൽ ഓഫീസർ എസ്. ശ്രീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. എം ഷഫീഖ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി. ജി അലക്സാണ്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date