Skip to main content
മഞ്ചാടിയിൽ ഒരുക്കിയ വിവിധ ഇടങ്ങൾ

കുരുന്നുകൾക്ക് കൗതുകമായി "മഞ്ചാടി"

കുരുന്നുകൾക്ക് കൗതുകമായി "മഞ്ചാടി" മരങ്ങളും പൂക്കളും കിളികളും നിറഞ്ഞ് വർണ്ണാഭമായ ഇടങ്ങൾ കണ്ട്  കുഞ്ഞുങ്ങൾക്ക് കൗതുകമായി. പ്ലാവും ചക്കയും വരാന്തയിൽ. ചുമരുകളിൽ പൂരവും മേളവും. കണ്ണെടുക്കാതെ ഓടി നടന്ന് കാഴ്ചകൾ ആസ്വദിക്കുന്ന കുരുന്നുകൾ. സമഗ്ര ശിക്ഷ കേരള ബി ആർ സി ചൊവ്വന്നൂരിന്റെ നേതൃത്വത്തിൽ ജിഎൽപിഎസ് പെങ്ങാമുക്കിൽ ഒരുക്കിയ സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി "മഞ്ചാടി"യാണ് ഏവരിലും കൗതുകമുണർത്തിയത്. സ്റ്റാർസ് പദ്ധതിയിലൂടെ സമഗ്ര ശിക്ഷാ കേരളയിലുടെ ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെൻറർ വഴി ലഭിച്ച 10 ലക്ഷം രൂപയും സ്കൂൾ നവീകരണത്തിനായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നും അനുവദിച്ച എട്ട് ലക്ഷം രൂപയും വിനിയോഗിച്ചാണ് മഞ്ചാടി ഒരുക്കിയത്.

കുട്ടികളുടെ സർഗാത്മക കഴിവുകളെ ഉണർത്തുന്നതിനായി ക്ലാസ് മുറിക്ക് അകത്തും പുറത്തുമായി മുപ്പത് ആശയങ്ങളെ ഉൾപ്പെടുത്തി 13 പ്രവർത്തന ഇടങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് ആടാനും കളിക്കാനുമായ രസകരമായ കളിയിടങ്ങളും ചിത്രരചനയെ പ്രോത്സാഹിപ്പിക്കുന്നതിന് വരയിടം, സംഗീതോപകരണങ്ങളോടു കൂടിയ സംഗീതയിടം, ഹരിതോദ്യാനം, ശാസ്ത്രയിടം എന്നിങ്ങനെ കണ്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കാനുമായി തയ്യാറാക്കിയ മഞ്ചാടി കുട്ടികളുടെ മനം കവർന്നു. 

മഞ്ചാടിയുടെ ഉദ്ഘാടനം എസി  മൊയ്തീൻ എംഎൽഎ നിർവഹിച്ചു. കാട്ടാകമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇഎസ് രേഷ്മ  അധ്യക്ഷയായി.ചൊവ്വന്നൂർ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി. ബിന്ദു ടീച്ചർ പദ്ധതി വിശദീകരിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ കെ ഹരിദാസ്, ടി എസ് മണികണ്ഠൻ, കാട്ടകാമ്പാൽ വൈസ് പ്രസിഡന്റ് യദുകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു മനോഹരൻ,  ഷീജ സുഗതൻ മിന്റോ റിനി,  പി പ്രദീപ്, പഞ്ചായത്തംഗങ്ങളായ എം എസ് മണികണ്ഠൻ, പ്രമീളരാജൻ, സിന്ധു,കെ ടി , പി എ ഖദീജ,രാജി സോമൻ, എം എ അബ്ദുൽ റഷീദ്, എം കെ സുധീർ, എം കെ ബിനേഷ്  തുടങ്ങിയവർ പങ്കെടുത്തു.പ്രോജക്ട് രൂപകൽപ്പന ചെയ്ത ആർട്ടിസ്റ്റ് പ്രസാദിനെ ചടങ്ങിൽ ആദരിച്ചു.

date