Skip to main content

നാടിന്റെ വികസനത്തില്‍ പ്രാദേശിക ടൂറിസത്തിന് വലിയ പങ്ക്: ജില്ലാ കലക്ടര്‍

നാടിന്റെ വികസനത്തില്‍ പ്രാദേശിക ടൂറിസത്തിന് വലിയ പങ്കുണ്ടെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ചക്കുവള്ളി ചിറയുടെ സമീപം സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍. സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണ് ടേക്ക്-എ-ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായ പദ്ധതി പ്രാദേശിക ടൂറിസം വികസനത്തില്‍ മുന്നേറ്റമുണ്ടാക്കും. ജില്ലയില്‍ 32 ടേക്ക്-എ-ബ്രേക്ക് കേന്ദ്രങ്ങള്‍ പൂര്‍ത്തിയായെന്നും കലക്ടര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ അധ്യക്ഷയായി.

ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും ഫണ്ട് ഉപയോഗിച്ച് 17 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കേന്ദ്രത്തില്‍ ടോയ്ലറ്റ്, റസ്റ്റിങ് റൂം, ഫീഡിങ് റൂം എന്നിവയും കുടുംബശ്രീ കഫേയും പ്രവര്‍ത്തിക്കുന്നു. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായാണ് നിര്‍മാണം. പഞ്ചായത്തിലെ കുടുംബശ്രീക്കാണ് കേന്ദ്രത്തിന്റെ പരിപാലനം ചുമതല. വൈസ് പ്രസിഡന്റ് വി സി രാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, ജില്ലാപഞ്ചായത്ത് അംഗം ശ്യാമളയമ്മ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍ ഷീജ, എം അബ്ദുള്‍ ലത്തീഫ്, ഷീജാ ബീഗം, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ സജു, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സി ഡമാസ്റ്റന്‍ എന്നിവര്‍ പങ്കെടുത്തു.

date