Skip to main content
.

മുട്ടം-കാഞ്ഞാര്‍ വനഭൂമി സെറ്റില്‍മെന്റ്; ആദ്യഘട്ട ഹിയറിങ് പൂര്‍ത്തിയായി*

മുട്ടം-കാഞ്ഞാര്‍ മേഖലയില്‍ എംവിഐപി പദ്ധതിയ്ക്കായി ഏറ്റെടുത്തതും പിന്നീട് വനം വകുപ്പിന് റിസര്‍വ് വനമാക്കാന്‍ വിട്ടു നല്‍കിയതുമായ ഭൂമിയുടെ സെറ്റില്‍മെന്റ് ഹിയറിങ് നടപടികളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇടുക്കി സബ് കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിച്ച നടപടിക്ക് പിന്നാലെ വിജ്ഞാപനം ഇറക്കുകയും ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 160 ആക്ഷേപങ്ങള്‍ സ്വീകരിച്ചതില്‍ ആദ്യ 100 പേരുടെ ഹിയറിങ്ങാണ് കഴിഞ്ഞ ദിവസം കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നത്. 100 പേര്‍ക്ക് നോട്ടീസ് നല്‍കിയതില്‍ 76 പേര്‍ ഹാജരാകുകയും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. മുട്ടം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളും റെസിഡന്റ്സ് അസോസിയേഷനുകളും ആക്ഷന്‍ കൗണ്‍സിലും ആക്ഷേപങ്ങള്‍ ഹാജരാക്കി. കുടിവെള്ള സ്രോതസ്സ്, അതിലേക്കുള്ള വഴി തുടങ്ങിയ ആക്ഷേപങ്ങളാണ് പ്രധാനമായും ഉയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഹിയറിങ്ങില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കുമെന്നും ബാക്കിയുള്ള അപേക്ഷകര്‍ക്കുള്ള രണ്ടാംഘട്ട ഹിയറിങ് ജൂണ്‍ അവസാനം ഉണ്ടാകുമെന്നും സബ്കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ അറിയിച്ചു. ഹിയറിങ്ങില്‍ വനം വകുപ്പിനെ പ്രതിനിധീകരിച്ച് തൊടുപുഴ റേഞ്ച് ഓഫീസര്‍ സിജോ സാമുവേല്‍ പങ്കെടുത്തു.

date