Skip to main content

നടപടി ഉടൻ വേണം: ആലീസിന്റെ 'ലൈഫി'നായി ഇടപെട്ട് മന്ത്രി സജി ചെറിയാൻ 

 ഒരു പാവപ്പെട്ട കുടുംബത്തിന്റെ വീടിന്റെ കാര്യമാണ്, ലൈഫ് മിഷൻ ലിസ്റ്റിൽ വന്നിട്ടും സ്ഥലത്തിന്റെ സാങ്കേതിക തടസ്സത്തിന്റെ പേരിൽ വച്ച് താമസിപ്പിക്കാനാവില്ല ഉടൻ നടപടി വേണം- ഉദ്യോഗസ്ഥർക്ക് മന്ത്രി സജി ചെറിയാൻ കർശന നിർദ്ദേശം നൽകുമ്പോൾ ഭിന്നശേഷിക്കാരിയായ ആലീസിന്റെ മുഖത്ത് വീടിനെ കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു. 

ചേർത്തലയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലാണ് ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയായ ഭിന്നശേഷിക്കാരി ആലീസിന്റെ  സ്ഥലത്തിന്റെ പേരിലുള്ള സാങ്കേതിക തടസ്സങ്ങൾക്ക്  പരിഹാരം കാണാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയത്.   

90 ശതമാനത്തിലേറെ ഭിന്നശേഷിക്കാരിയായ ആലീസ്‌ മാതാവിനും സഹോദരനുമൊപ്പം ഏത് നിമിഷവും തകർന്നുവീഴാറായ വീട്ടിലാണ് താമസിക്കുന്നത്. ഇവർക്ക് സ്വന്തമായി സ്ഥലമുണ്ടെങ്കിലും 1996നു ശേഷം തണ്ടപ്പേര് സംബന്ധിച്ച രജിസ്റ്റർ ഇല്ല എന്ന കാരണത്താൽ സ്ഥലത്തിന് നികുതി അടയ്ക്കാൻ സാധിച്ചിരുന്നില്ല. സ്ഥലം നികുതി അടച്ച് പോക്കുവരവ് ചെയ്യാനായി പലതവണ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും നടപടികൾ ഒന്നുമായില്ല. ആലീസിന്റെയും കുടുംബത്തിന്റെയും അവസ്ഥ പരിഗണിച്ച് ലൈഫ് ഭവന പദ്ധതിയിൽ കടക്കരപ്പള്ളി പഞ്ചായത്തിന്റെ ആദ്യ ലിസ്റ്റിൽ തന്നെ വീട് അനുവദിച്ചെങ്കിലും കരം അടച്ച രസീത് ഇല്ലാത്തതിനാൽ വീടിനായുള്ള എഗ്രിമെന്റ് വയ്ക്കുവാനും സാധിക്കുന്നില്ല. ഈ അവസ്ഥയിലാണ് പരിഹാരം തേടി അദാലത്ത് വേദിയിലേക്ക് എത്തിയത്. എത്രയും വേഗം പരിഹാരം കാണണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതോടെ തടസ്സങ്ങൾ എല്ലാം മാറി വീട് എന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും എന്ന പ്രതീക്ഷയോടെയാണ് ആലീസ് മടങ്ങിയത്.

date