Skip to main content

വീട്ടിൽ കുടിവെള്ളമെത്തി: മന്ത്രിമാരെയും കളക്ടറേയും കണ്ട് നന്ദി പറഞ്ഞ് അംബിയും അശോകനും 

 ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടിലും വെള്ളം കിട്ടുന്നുണ്ട് ഞങ്ങൾക്ക് മാത്രം കുടിവെള്ളമില്ല -  മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സ്വദേശി അംബിയുടെ ഏറെ നാളായുള്ള ഈ പരാതിക്ക്  പരിഹാരമേകിയിരിക്കുകയാണ് ചേർത്തലയിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല  അദാലത്ത്.

അയൽക്കാരായ മൂന്നു കുടുംബങ്ങളുടെ സമ്മതപത്രം കിട്ടാത്തതിനെ തുടർന്നായിരുന്നു അംബിയുടെ വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ തടസ്സപ്പെട്ടത്. അദാലത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ട് എത്തി അയൽക്കാരുമായി സംസാരിച്ച് സമ്മതപത്രം നേടിയ ശേഷം വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ നൽകുകയായിരുന്നു. വീട്ടിലേക്ക് കുടിവെള്ളം എത്തിയതോടെ ഇവർ ദീർഘനാളായി നേരിട്ടുകൊണ്ടിരുന്ന പ്രശ്നത്തിന് പരിഹാരമായി.

വെള്ള കണക്ഷൻ ലഭിച്ച സന്തോഷത്തിൽ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തി മന്ത്രിമാരായ സജി ചെറിയാനോടും പി പ്രസാദിനോടും ജില്ല കളക്ടർ ഹരിത വി. കുമാറിനോടും നന്ദി പറഞ്ഞാണ് അംബിയും ഭർത്താവ് അശോകനും മടങ്ങിയത്.

date