Skip to main content

കണ്ണൂർ അറിയിപ്പുകൾ 30-05-2023

കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ 2017 ഒക്ടോബർ മുതൽ 2022 വരെയുള്ള വർഷങ്ങളിൽ കെ ടെറ്റ് വിജയിച്ച് 2023 മാർച്ച് 31 നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന പൂർത്തീകരിച്ചവരുടെ കെ ടെറ്റ് സർട്ടിഫിക്കറ്റ് ജൂൺ ഒന്നു മുതൽ 30 വരെയുള്ള തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിതരണം ചെയ്യും.  ഫോൺ: 0497 2700167.

ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാവാം

2023-24 വർഷത്തിൽ മത്സ്യഫെഡ് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കളാവുന്നതിനുള്ള സമയപരിധി മെയ് 31 ന് അവസാനിക്കുന്നു. മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മുഴുവൻ അംഗങ്ങളും വാർഷിക പ്രീമിയം 510 രൂപ അതാത് പ്രാഥമിക സംഘങ്ങൾ മുഖേന ഒടുക്കി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാക്കേണ്ടതാണെന്ന്  മത്സ്യഫെഡ് ജില്ലാ മാനേജർ അറിയിച്ചു.

കെ സതീശൻ വിരമിക്കുന്നു

കണ്ണൂർ കലക്ടറേറ്റിലെ സീനിയർ ഫിനാൻസ് ഓഫീസർ കെ സതീശൻ 30 വർഷത്തെ സേവനത്തിന് ശേഷം മെയ് 31ന് വിരമിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ദേശീയ പാത ചീഫ് എഞ്ചിനീറുടെ ഓഫീസ് എന്നിവിടങ്ങളിൽ സീനിയർ ഫിനാൻസ് ഓഫീസർ ആയും കാസർകോട് കളക്ടറേറ്റിൽ ഫിനാൻസ് ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്. മടിക്കൈ പഞ്ചായത്തിൽ ക്ലാർക്ക് ആയാണ് സർവീസിൽ പ്രവേശിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചു. കാസർകോട് താലൂക്ക് പബ്ലിക് സർവന്റസ് സഹകരണ സംഘം ഡയറക്ടറായിരുന്നു. കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പ്രവർത്തകനായിരുന്നു. നീലേശ്വരം കിഴക്കൻ കൊഴുവൽ സ്വദേശിയാണ്. ഭാര്യ: മിനിജ പി ആർ (അക്കൗണ്ടൻറ് പള്ളിക്കര ഗ്രാമപഞ്ചായത്ത്), മക്കൾ: ഹരിരാജ്, ശ്രീരാജ് (വിദ്യാർഥികൾ).

(പടം)

ടി പി അശോകൻ വിരമിക്കുന്നു

സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ടി പി അശോകൻ മെയ് 31ന് വിരമിക്കുന്നു. അട്ടപ്പാടി, പയ്യന്നൂർ, കോഴിച്ചാൽ, മാട്ടൂൽ, മാടായി, കണ്ടങ്കാളി, വെള്ളൂർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സേവനം അനുഷ്ഠിച്ചു. 2019 ലാണ് എസ്എസ്‌കെയിൽ ചുമതലയേറ്റത്. 2020ൽ ജില്ലാ പ്രൊജക്ട് കോർഡിനേറ്ററുടെ ചുമതലയും നിർവഹിച്ചു. സാക്ഷരതാ പ്രവർത്തകൻ, പാരലൽ കോളേജ് അധ്യാപകൻ, പ്രീ മെടിക് ഹോസ്റ്റൽ ട്യൂട്ടർ, വാർഡൻ, റബ്ബർ ബോർഡ് ജീവനക്കാരൻ, ദേശീയ നിർമറി പ്രൊജക്ട് കോർഡിനേറ്റർ എന്നീ നിലകളിലും ജോലി ചെയ്തു. പാഠപുസ്തക നിർമാണം, അധ്യാപക സഹായി തയ്യാറാക്കൽ, സംസ്ഥാന അധ്യാപക പരിശീലനം, സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗം എന്നിവയിലും പ്രവർത്തിച്ചു. രാമന്തളി സ്വദേശിയാണ്. ഭാര്യ: വി രുഗ്മിണി. മക്കൾ: അർജുൻ അശോക് (കനഡ), ആതിര അശോക് (ബിഡിഎസ്, കോഴിക്കോട്)

പട്ടികവർഗ ഗ്രൂപ്പുകൾക്ക് ബാൻഡ് വിതരണം

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ ഗ്രൂപ്പുകൾക്കുള്ള ബാൻഡ് വിതരണം മെയ് 31ന് ബുധനാഴ്ച 12.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടക്കുന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും.
 
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ആറളത്ത്

ഈ വർഷത്തെ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ആറളം ഫാം ഹയർസെക്കണ്ടറി സ്‌കൂളിൽ ജൂൺ ഒന്നിന് നടക്കും. ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം നിർവഹിക്കും. സ്റ്റാർ സിങ്ങർ റണ്ണർ അപ്പ് ഹിതൈഷിണി മുഖ്യാതിഥിയാകും. സണ്ണി ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.

വി എച്ച് എസ് ഇ അധ്യാപക ഒഴിവ്

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസിൽ വി എച്ച് എസ് ഇ വിഭാഗം ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്‌സ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ രണ്ടിന് രാവിലെ 10.30ന് സ്‌കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 9947523131.

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ വൺടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 31 ബുധൻ രാവിലെ 10 മണി മുതൽ കൂത്തുപറമ്പ് പഴയനിരത്ത് നാണു മാസ്റ്റർ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന രജിസ്ട്രേഷന് ഫീസ് 250 രൂപ. പ്രായപരിധി 50 വയസ്സിൽ താഴെ. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾ ഇ-മെയിൽ ഐഡി, ഫോൺ നമ്പർ, ആധാർ/ വോട്ടേഴ്‌സ് ഐഡി/പാസ്പോർട്ട്/പാൻ കാർഡ് എന്നിവ ഹാജരാക്കണം. എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് എല്ലാ ഇന്റർവ്യൂകളിലും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

താൽക്കാലിക അധ്യാപക നിയമനം

കതിരൂർ ഗവ. വി എച്ച് എസ് എസിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. വൊക്കേഷണൽ ടീച്ചർ ഇൻ ഒ എഫ് ടി, വൊക്കേഷണൽ ടീച്ചർ ഇൻ ഡി എൻ എച്ച്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി (സീനിയർ) എന്നീ വിഷയങ്ങളിലാണ് ഒഴിവ്. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 11 മണിക്ക് സ്‌കൂളിൽ നടക്കും. ഫോൺ:  8547180916, 9947085920.

ഗസ്റ്റ് അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ ആറിന് രാവിലെ 11 മണി മുതൽ പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കുന്ന ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.  നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾ brennencollege@gmail.com ൽ ലഭിക്കും.

പരാതി സമർപ്പിക്കാം

തോട്ടട ഇ എസ് ഐ ആശുപത്രിയിൽ ജൂൺ ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് പരാതി പരിഹാര സെൽ യോഗം ചേരും. ഇ എസ് ഐ ഗുണഭോക്താക്കൾക്ക് ആശുപത്രി സൂപ്രണ്ടിന് നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് പരാതി സമർപ്പിക്കാം. ഫോൺ: 0497 2835258.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സി സി ടി വി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354.

ആർ ടി എ യോഗം മാറ്റി

ജൂൺ 13ന് നടത്താൻ നിശ്ചയിച്ചിരുന്ന ആർ ടി എ യോഗം ജൂലൈ 19ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലേക്ക് മാറ്റിയതായി റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ആർ ടി എ ബോർഡ് മുമ്പാകെ സമർപ്പിക്കാനുള്ള അപേക്ഷകൾ ജൂൺ 10നകം ഓഫീസിൽ സമർപ്പിക്കണം.  

ലോക പുകയില വിരുദ്ധ ദിനാചരണം 31ന്

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ടി ബി സെന്ററും സംയുക്തമായി പുകയില ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. മെയ് 31ന് രാവിലെ 9.30ന് കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലാണ് പരിപാടി.

സിവിൽ സർവ്വീസ് പരിശീലനം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോർഡിൽ കണ്ണൂർ ജില്ലയിൽ അംഗങ്ങളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ സിവിൽ സർവ്വീസ് അക്കാദമിയിലെ അടുത്ത ബാച്ചിൽ സിവിൽ സർവ്വീസ് പ്രിലിനിനറി/മെയിൻസ്/ഇന്റർവ്യൂ എന്നീ മൂന്ന് ഘട്ടങ്ങളുടെ പരിശീലനം ജൂൺ രണ്ടാം വാരം തുടങ്ങും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in ൽ ലഭിക്കും. ഫോൺ: 7907099629, 0471-2479966, 0471-2309012.

സ്വയംതൊഴിൽ വായ്പ

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ തലശ്ശേരി ഉപജില്ലാ കാര്യാലയത്തിൽ നിന്ന് 2023-24 വർഷത്തേക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപെട്ട ഒ ബി സി/ മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ മതന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ആറ് ശതമാനമാണ് പലിശ നിരക്ക്. പ്രായപരിധി 18നും 55നും ഇടയിൽ. താൽപര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്വയംതൊഴിൽ സംരംഭത്തിന്റെ പദ്ധതി വിശദാംശങ്ങൾ സഹിതം ജൂൺ 15നകം തലശ്ശേരി കെ എസ് ബി സി ഡി സി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0490 2960600.

അങ്കണവാടി വർക്കർ/ ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

എടക്കാട് അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുള്ളവരും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരുമാകണം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധി ഇളവ് ലഭിക്കും.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. സർക്കാർ അംഗീകൃത നഴ്‌സറി ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, ബാലസേവിക ട്രെയിനിങ് കോഴ്‌സുകൾ പാസായവർക്ക് മുൻഗണന. പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസ്സായവരില്ലെങ്കിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാംക്ലാസ് പാസായവരെയും പരിഗണിക്കും. ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ നടത്തുന്ന എ ലെവൽ ഇക്വലൻസി പരീക്ഷ പാസായവരെ എസ് എസ് എൽ സിക്ക് തുല്യമായി പരിഗണിക്കും.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ് എസ് എൽ സി പാസായിരിക്കരുത്.
അപേക്ഷ, വിശദ വിവരങ്ങൾ എന്നിവ എടക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ജൂൺ ഒന്നു മുതൽ 15ന് വൈകിട്ട് അഞ്ചുമണി വരെ നേരിട്ടോ തപാലിലോ സ്വീകരിക്കും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം. കവറിനു മുകളിൽ ഏതു തസ്തികയിലേക്കാണ് അപേക്ഷയെന്ന് വ്യക്തമായി എഴുതണം. ഫോൺ: 0497 2852100.

ഭരണാനുമതി ലഭിച്ചു

എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

തേക്ക് തടികളുടെ വിൽപന

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക്, മറ്റു തടികളുടെയും വിൽപന ജൂൺ ഏഴ്, 15, 22 തീയതികളിൽ നടക്കും. കണ്ണവം റിസർവ് വനത്തിലെ തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപെട്ട തേക്ക് തടികളും മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, ആഞ്ഞിലി, കുന്നിവാക, ഇരൂൾ എന്നീ തടികളുമാണ് വിൽപന നടത്തുന്നത്. ഓൺലൈൻ വഴി നടത്തുന്ന ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.mstcecommerce.com വഴിയും കണ്ണോത്ത് ഗവ.ടിമ്പർ ഡിപ്പോയിലും രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ് ബുക്ക്, ആധാർ/ തിരിച്ചറിയൽ കാർഡ്, ഇ-മെയിൽ അഡ്രസ്, ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കച്ചവടക്കാർ) എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0490 2302080, 8547602859.

സൗരോർജ സാങ്കേതികവിദ്യയിൽ പരിശീലനം

സൗരോർജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ താൽപര്യമുള്ളവർക്കായി സി-ഡിറ്റ് അഞ്ച് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ജൂൺ 19 മുതൽ 23 വരെ തിരുവനന്തപുരത്താണ് പരിപാടി. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ www.cdit.org ൽ ലഭിക്കും. താൽപര്യമുള്ളവർ ജൂൺ 15നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895788233.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പഴശ്ശി അംശം ദേശത്ത് റി.സ.194/102ൽ പെട്ട 0.0040 ഹെക്ടർ ഭൂമിയും അതിലുൾപ്പെട്ട സകലതും ജൂൺ എട്ടിന് രാവിലെ 11.30ന് പഴശ്ശി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും പഴശ്ശി വില്ലേജ് ഓഫീസിലും ലഭിക്കും.

പുകയില രഹിത ദിനാചരണം ജില്ലാതല ഉദ്ഘാടനം 31ന്

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ലോക പുകയില രഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 31 ന് നടക്കും. രാവിലെ 10 മണിക്ക് കണ്ണൂർ ഐ എം എ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് വ്യാപാരികൾക്കായി ബോധവത്കരണ ക്ലാസും നടക്കും.

വൈദ്യുതി  മുടങ്ങും

വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ  കുണ്ടയംകൊവ്വൽ, താഴെകുറുന്ത്, വലിയചാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ മെയ് 31 ബുധൻ രാവിലെ ഒമ്പത്  മുതൽ  ഉച്ചക്ക് രണ്ട് മണി വരെയും കാപ്പാലം, കളരി ആലക്കാട്, കാളീശ്വരം, ഹെൽത്ത് സെന്റർ, കുണ്ടയ്യംകൊവ്വൽ, ആലാംകുന്ന്, മുക്കോട് ആലക്കാട്, ദേവിസഹായം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി  മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പയറ്റ്ചാൽ, ചേപ്പറമ്പ ഭാഗങ്ങളിൽ മെയ് 31 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സൂര്യ-1 ട്രാൻസ്ഫോമർ പരിധിയിൽ മെയ് 31 ബുധൻ രാവിലെ എട്ടു മുതൽ  10 മണി വരെയും സൂര്യ -2 ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മതൽ 12 മണി വരെയും വലിയകുണ്ട് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെയും കൈപ്പക്കയിൽ മൊട്ട, കൈപ്പക്കയിൽ മൊട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട്് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
 

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സുനാമി, മൈതാനപ്പള്ളി, ഗ്രാമീണ ബാങ്ക്, മൈതാനപ്പള്ളി കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 31 ബുധന്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയും തയ്യില്‍, ശാന്തിമൈതാനം, സ്റ്റാര്‍സീ, ബി എസ് എന്‍ എല്‍, നീര്‍ച്ചാല്‍  പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ആനയിടുക്ക്, കൊച്ചിപ്പള്ളി, സിറ്റിസെന്റര്‍, വിക്ടറി ഐസ് പ്ലാന്റ്, ഷാജി ഐസ് പ്ലാന്റ്, അല്‍ നൂര്‍ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

date