Skip to main content

ഒത്തിരി ആശ്വാസം, കരുതലിന്റെ കാർഡുമായി അർച്ചന മടങ്ങി

ഏഴ് മാസം മുൻപാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് ഇലഞ്ഞിപ്പറമ്പ് വീട്ടിൽ അർച്ചനയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചത്. അതിനും ഒരു വർഷം മുമ്പ് അപകടത്തിൽ ഭർത്താവ് സോജിനെ നഷ്ടമായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ താത്ക്കാലിക ജോലി മാത്രമായിരുന്നു പിന്നീട് അർച്ചനയുടെ ഏക വരുമാനം. ഇതിൽ നിന്നു വേണം രണ്ട് കുഞ്ഞുങ്ങളും ക്യാൻസർ ബാധിതനായ അച്ഛൻ ഗോപിയും കിഡ്നി രോഗിയായ അമ്മ ശോഭനയും അടങ്ങുന്ന കുടുംബത്തിന് കഴിഞ്ഞുപോകാൻ.

നിത്യച്ചെലവിനും ചികിത്സയ്ക്കും പണം കണ്ടെത്താനാവാതെ പലപ്പോഴും ബുദ്ധിമുട്ടി. ചികിത്സ തന്നെ മുടങ്ങുന്ന അവസ്ഥയിലുമായി. അതിനിടെ അർച്ചനയ്ക്ക് ശസ്ത്രക്രിയയും വേണ്ടിവന്നു. ബന്ധുക്കളുടെ സഹായത്തോടെയാണ് നാലുമാസം മുൻപ് അത് നടത്തിയത്. ഈ അവസരത്തിലാണ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 'കരുതലും കൈത്താങ്ങും'  പരാതി പരിഹാര അദാലത്തിനെ കുറിച്ച് ഇവർ അറിയുന്നതും റേഷൻ കാർഡിനായി അപേക്ഷ നൽകുന്നതും.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഈ കുടുംബത്തെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നു കണ്ടെത്തി റേഷൻ കാർഡ് നൽകി. കാർഡ് ലഭിച്ചതോടെ ചികിത്സ സഹായവും ഭക്ഷ്യ ധാന്യങ്ങളുമെല്ലാം ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് അർച്ചനയുടെ കുടുംബം.

date