Skip to main content

മാലിന്യ മുക്തം നവകേരളം: ശില്പശാല നടത്തി        

     

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കുന്ന 'ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയം' പരിപാടിയുടെ ഭാഗമായുള്ള  ജില്ലാതല മാലിന്യ പരിപാലന ശില്പശാല ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി ജമീല അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ വിഷയാവതരണം നടത്തി.

2024 ജനുവരി 31നകം ഏറ്റവും മികവുറ്റരീതിയിൽ മാലിന്യ പരിപാലനം നടത്തുന്ന വിദ്യാലയങ്ങൾക്ക് അവാർഡുകൾ നൽകും. ക്ലാസ് മുറി ശുചിത്വം, പൊതു ശുചിത്വം, സ്കൂൾതല പൊതു സംവിധാനവും വൃത്തിയും, വിദ്യാർത്ഥികൾക്കുള്ള അറിവ്, ശുചിമുറി ശുചിത്വം, വിവര വിജ്ഞാന പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, സ്കൂൾ സൗന്ദര്യവത്ക്കരണം, പച്ചത്തുരുത്ത്, മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ, ചുമർചിത്ര ബോർഡുകൾ, ആർത്തവ സൗഹൃദ ശുചിമുറി, ഹരിതചട്ടം പാലിക്കൽ എന്നിവയിൽ "ടെൻ സ്റ്റാർ പദവി "നൽകും.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, ഐ.പി രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, അഡ്വ.പി.ഗവാസ്, റസിയ തോട്ടായി, സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. മാലിന്യ പരിപാലന പാഠശാലക്ക് സിലബസ് തയ്യാറാക്കാനും തുടർ പരിപാടികൾക്കും 12 അംഗ കമ്മിറ്റിയുടെ ഹരിതവിദ്യാലയ ജില്ലാ കോർഡിനേറ്റർ ആയി മാവൂർ ജി.എച്ച്.എസ് പ്രധാന അധ്യാപിക ശോഭ വി.എസിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മണലിൽ മോഹനൻ സ്വാഗതവും എജ്യുകെയർ കോർഡിനേറ്റർ പ്രവീൺകുമാർ വി നന്ദിയും പറഞ്ഞു.

date