Skip to main content

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് തുണയാകാൻ സ്‌കഫോൾഡ് പദ്ധതി

കോട്ടയം: സ്‌കഫോൾഡ് പദ്ധതിയുടെ തുണയിൽ ജീവിതവിജയത്തിലേയ്ക്കുള്ള പുതിയ പാതയിലാണ് ജില്ലയിൽ നിന്നുള്ള 25 ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളിൽ തിരഞ്ഞെടുക്കപ്പെട്ട 25 പേർക്കാണ് സമഗ്ര ശിക്ഷാ കേരളയുടെ സ്‌കഫോൾഡ് പദ്ധതി തുണയാകുന്നത്. ഈ വിദ്യാർഥികളുടെ നൈപുണ്യ വികസനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യം സൃഷ്ടിക്കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

അഭിമുഖം, പേഴ്‌സണാലിറ്റി ടെസ്റ്റ്, ചർച്ച എന്നിവയിലൂടെയാണ് പ്ലസ് വണിൽ പഠിക്കുന്ന വിദ്യാർഥികളെ കഴിഞ്ഞ വർഷം പദ്ധതിയ്ക്കായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത കുട്ടികൾക്കായി അഞ്ച് റെസിഡ്യൻഷൻ ക്യാമ്പുകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചുള്ള ക്ലാസ്, നാടക കളരി, ഇന്ത്യയുടെ ജനാധിപത്യരൂപീകരണവും ഭരണഘടനാനിർമാണവും എന്ന വിഷയത്തിൽ ക്ലാസും ക്വിസ് മത്സരവും, പ്രതിസന്ധികൾ തരണം ചെയ്യേണ്ടതെങ്ങനെ, കരിയർ അസസ്‌മെന്റ് ടെസ്റ്റ്, വിദ്യാർഥികൾക്കായി പ്രൊഫൈൽ തയ്യാറാക്കൽ എന്നിങ്ങനെ നിരവധി വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് പരിശീലനം സംഘടിപ്പിച്ചത്.

കുട്ടികളുടെ പഠനസംബന്ധമായ വിഷയങ്ങളിൽ ഇടപെടുന്നതിനും സഹായിക്കുന്നതിനുമായി അഞ്ച് ഗ്രൂപ്പുകളായി ഇവരെ തിരിച്ചിട്ടുണ്ട്. ഒരോ ഗ്രൂപ്പിനും ഓരോ മെന്റർ ടീച്ചറും മറ്റ് അധ്യാപകരും ഉണ്ട്. സ്‌കഫോൾഡ് പദ്ധതിയുടെ ശ്രമഫലമായി 92 ശതമാനം വിദ്യാർഥികളും ഉയർന്ന മാർക്ക് നേടിയാണ് പ്ലസ് വൺ പാസായത്.

വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകർ, താമസിക്കുന്ന വാർഡിലെ പഞ്ചായത്തംഗങ്ങൾ, പി.ടി.എ പ്രസിഡന്റുമാർ എന്നിവരുടെ യോഗം വിളിച്ച് വിദ്യാർഥികൾക്ക് ആവശ്യമായ സാമൂഹിക പിന്തുണ കൂടി  ഉറപ്പാക്കിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. എസ്. എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു ഏബ്രഹാമിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

 

date