Skip to main content

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് കലാ കായിക പരിശീലനം നൽകും; ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

 

റോഷിനി പദ്ധതി ജില്ലാതല അവലോകന യോഗം 

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് റോഷ്നി പദ്ധതി വഴി കലാ കായിക പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. റോഷ്നി പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ കായിക പരിശീലനം നൽകുന്നതിലൂടെ വിദ്യാർത്ഥികളുടെ അച്ചടക്കം മെച്ചപ്പെടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. 

പദ്ധതിയിലൂടെ സ്പോർട്സ് കിറ്റുകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പ്രഭാതഭക്ഷണം എല്ലാവർക്കും ഉറപ്പാക്കണമെന്നും സ്ക്രീനിങ് ടെസ്റ്റ് നടത്തി പ്രഗൽഭരായ അധ്യാപകരെ പരിശീലനത്തിനായി നിയോഗിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. 

ജില്ലയിലെ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ബിപിസിഎല്ലിന്റെ സി.എസ്.ആർ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റോഷ്നി. ഒന്ന് മുതൽ 10 വരെ ക്ലാസുകളിലായി 8121 വിദ്യാർഥികൾ പദ്ധതിയുടെ കീഴിൽ ഈ അധ്യയന വർഷത്തിൽ പഠിക്കുന്നുണ്ട്. ഒഡിയ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടിയ വോളന്റീയർമാരെ ഉപയോഗിച്ച് ഇതരഭാഷാ കുട്ടികളെ സംസ്ഥാന സ്കൂൾ സിലബസിലെ പാഠഭാഗങ്ങൾ പരിചയപ്പെടുത്തി അവർക്ക് ഭാഷാപരമായ പ്രശ്നങ്ങൾ തരണം ചെയ്യുകയാണ് പദ്ധതിയിലൂടെ. കോവിഡ് കാലത്തിനു മുൻപുള്ള മികച്ച പ്രവർത്തനത്തിലേക്ക് റോഷ്നി പദ്ധതിയെ ഉയർത്തുകയാണ് ലക്ഷ്യം.

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പദ്ധതി ജനറല്‍ കോ- ഓഡിനേറ്റര്‍ സി.കെ. പ്രകാശ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി .ജി. അലക്‌സാണ്ടര്‍, ബി.പി.സി എല്‍ പ്രതിനിധി എലിസബത്ത് ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date