Skip to main content

മുലയൂട്ടൽ വാരാചരണം ജില്ലാതല സെമിനാർ കളക്ടറേറ്റിൽ നടന്നു

വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം ജില്ലാ പ്രോഗ്രാം ഓഫീസിന്റെ ആഭിമുഖ്യത്തിൽ ലോകമുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു. മുലയൂട്ടലുമായി ബന്ധപ്പെട്ട പുതിയ തലമുറയുടെ മിഥ്യാധാരണകൾ മാറ്റുന്നതിന് ഇത്തരം പരിപാടികൾ പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.

മുലയൂട്ടൽ പോലുള്ള വിഷയങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വനിതാ ശിശുവികസന വകുപ്പ് നിരന്തരമായ ബോധവത്കരണം നൽകണമെന്ന് വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു. മുലയൂട്ടലിന്റെ പ്രധാന്യം, 2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) ആക്ട്, മുലയൂട്ടൽ ജെൻഡർ റിഫ്‌ളക്ഷൻ, മുലയൂട്ടലിൽ ചെറുധാന്യങ്ങളുടെ പ്രധാന്യം, അനീമിയ പ്രതിരോധം എന്നീ വിഷയങ്ങളിലാണ് സെമിനാർ നടന്നത്. ചൈൽഡ് ഡവല്പമെന്റ് സെന്റർ ഡയറക്ടർ ഡോ.എം.കെ.സി നായർ, വനിതാ കമ്മീഷനംഗം ഷീജ, എൻജിഒ കനൽ ഡയറക്ടർ ജിഷ ത്യാഗരാജ് അടക്കമുള്ളവരാണ് വിഷയാവതരണം നടത്തിയത്.

മുലയൂട്ടൽ വാരാചണത്തോടനുബന്ധിച്ച് ചെറുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കൊണ്ടുണ്ടാക്കിയ പോഷകസമൃദ്ധമായ വിഭവങ്ങളുടെ പ്രദർശനം, പോസ്റ്റർ, വീഡിയോ പ്രദർശനം എന്നിവയും ഒരുക്കിയിരുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ, ഐ.സിഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ചിത്ത്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, കൗൺസിലർമാർ, അങ്കണവാടി, കുടുംബ ശ്രീ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.

date