Skip to main content

വിദ്യാർത്ഥികൾക്കായി 'ഗാന്ധിപഥം തേടി' യാത്രയുമായി ജില്ലാപഞ്ചായത്ത്

 

വിദ്യാർത്ഥികൾക്കായി 'ഗാന്ധിപഥം തേടി' യാത്രയുമായി കോഴിക്കോട് ജില്ലാപഞ്ചായത്ത്. ജില്ലയിലെ 84 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആഗസ്റ്റ് 30 ന് ആരംഭിക്കുന്ന യാത്രയിൽ പങ്കെടുക്കുക. കുട്ടികൾക്കൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സ്ഥിരം സമിതി അധ്യക്ഷന്മാർ തുടങ്ങിയവർ ഗാന്ധിജിയുടെ ജീവിതം സമര വഴികളിലൂടെയുള്ള യാത്രയിൽ പങ്കാളികളാവും.

കോഴിക്കോട് നിന്നുള്ള 110 പേരടങ്ങുന്ന സംഘം പോർബന്തറിൽ എത്തി ഗാന്ധിജിയുടെ ജന്മസ്ഥലവും, സബർമതിയും സന്ദർശിക്കും. ഇവിടെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കും. ശേഷം ദണ്ഡിയിൽ യാത്ര നടത്തി കടപ്പുറത്ത് ഉപ്പു കുറുക്കും. തിരികെ ഡൽഹിയിൽ എത്തി രാജ്ഘട്ടും ഗാന്ധി മ്യൂസിയവും സന്ദർശിക്കും.

ബിർളമന്ദിറിൽ ഒരു ദിവസം ഉപവാസം ഇരുന്നുകൊണ്ടാണ് യാത്ര അവസാനിപ്പിക്കുക. ഇത്തരത്തിൽ 10 ദിവസം നീണ്ട് നിൽക്കുന്ന ബ്രഹത്തായ പഠന പോഷണ യാത്രയാണ് 'ഗാന്ധി പഥം തേടി'. പോർബന്തർ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.  സെപ്റ്റംബർ 19ന് സംഘം യാത്ര കഴിഞ്ഞ് തിരിച്ചെത്തും.

ഗാന്ധിപഥം തേടി യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ശില്പശാല വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചറർ ഡോ വാസുദേവൻ, എഡ്യൂകെയർ കോർഡിനേറ്റർ ജ്യോതി നാരായണൻ തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസ കോർഡിനേറ്റർ പ്രവീൺ കുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, നജീബ് കാന്തപുരം, നാസർ എസ്റ്റേറ്റ്മുക്ക്, ഐ പി രാജേഷ്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date