Skip to main content

മിഷന്‍ ഇന്ദ്രധനുഷ്; ഊര്‍ജിത വാക്‌സിനേഷന്‍ 7 ന് തുടങ്ങും

 ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയിന്‍ മിഷന്‍ ഇന്ദ്രധനുഷ് ജില്ലയില്‍ ആഗസ്റ്റ് 7 ന് തുടങ്ങും. ക്യാമ്പെയിനിന്റെ മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞം മിഷന്‍ ഇന്ദ്രധനുസിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 7 ന് രാവിലെ 9.30 ന് കമ്പളക്കാട് കാപ്പിലോ റിസോര്‍ട്ടില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ അവസരമൊരുക്കും. ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാംഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മീസല്‍സ് റൂബല്ല, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മിഷന്‍ ഇന്ദ്രധനുഷ് സംരക്ഷണം നല്‍കും. ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാം. കോവിഡ് വ്യാപനത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പ് നിരക്കിലുണ്ടായ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഊര്‍ജിത പ്രതിരോധ കുത്തിവെപ്പിനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് മിഷന്‍ ഇന്ദ്രധനുഷ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പദ്ധതി വിശദീകരിച്ചു. യോഗത്തില്‍ ഡി.പി.എം ഡോ. സമീഹ സെയ്തലവി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ഡെപ്യൂട്ടി ഡി.എം. ഡോ. സാവന്‍ സാറ മാത്യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date