Skip to main content

ശുചിത്വ സുന്ദര വിദ്യാലയങ്ങൾ: കർമ്മ പദ്ധതിയുമായി പൊന്നാനി നഗരസഭ

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊന്നാനിയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് സമ്പൂർണ്ണ മാലിന്യമുക്ത കേന്ദ്രങ്ങളായി മാറ്റാനൊരുങ്ങി പൊന്നാനി നഗരസഭ.  പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ മാലിന്യമുക്തമാക്കാൻ ശുചീകരണ കർമ്മ പദ്ധതി തയ്യാറാക്കും. എല്ലാ വിദ്യാലയങ്ങളിലും മാതൃസംഗമങ്ങൾ സംഘടിപ്പിക്കും. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ബയോ ബിൻ, ബയോഗ്യാസ് പ്ലാന്റ്, റിംഗ് കമ്പോസ്റ്റ് എന്നീ ബദൽ സംസ്‌കരണ ഉപാധികൾ നഗരസഭ സ്ഥാപിക്കും. എൻ.എസ്.എസ് വളണ്ടിയർമാർ, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ, സ്റ്റുഡൻഡ് പോലീസ്, അധ്യാപക-രക്ഷാകർതൃ സമിതി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ നടപ്പാക്കുക.
നഗരസഭയിൽ നടന്ന മുനിസിപ്പൽ വിദ്യാഭ്യാസ സമിതി ജനറൽ ബോഡി യോഗം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. സിറ്റി ക്ലീൻ മാനേജർ ദിലീപ് കുമാർ ക്ലാസെടുത്തു. നഗരസഭാ സ്ഥിരം സമിതി ചെയർമാൻ ടി. മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി എസ്. സജീറൂൻ, നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date