Skip to main content
തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉദ്ഘാടനം വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. 

വകുപ്പിന്റെ സാമൂഹ്യ മാധ്യമ ഇടപെടല്‍ സജീവമാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ആധുനിക കാലഘട്ടത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പൊതുസമൂഹത്തിലുളള പങ്ക് വളരെ വലുതാണ്. അതിനെ ഏറ്റവും കാര്യക്ഷമമായി വിനിമയ ഉപാധിയായി മാറ്റിയവരാണ് കേരളീയ സമൂഹമെന്ന് മന്ത്രി പറഞ്ഞു. 

സാമൂഹ്യ വ്യക്തി ജീവിതങ്ങളോട് ഏറ്റവും അടുത്ത് ഇടപഴുകുന്ന കേരളത്തിലെ ഒരു സുപ്രധാന വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ആ നിലയില്‍ പൊതുജനങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്തേണ്ടത് അനിവാര്യമായ കാര്യമാണ്. വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങള്‍, പൊതുജന സംബന്ധമായ അറിയിപ്പുകള്‍, സാമൂഹിക ഉന്നമനം ലക്ഷ്യംവച്ച് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, ബോധവത്കരണ പരിപാടികള്‍ എന്നിവ സമയബന്ധിതമായി ജനസമക്ഷം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനോടൊപ്പം തന്നെ വിവിധ വിഷയങ്ങളില്‍ പൊതുജന  അഭിപ്രായങ്ങളും, ആരോഗ്യപരമായ ചര്‍ച്ചകളും ഈ സാമൂഹ്യമാധ്യമ വേദിയുടെ ഭാഗമാക്കാനുമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, എക്‌സ് പ്ലാറ്റ്‌ഫോമുകളിലാണ് അക്കൗണ്ട് ആരംഭിച്ചത്. 

അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജോയിന്റ് ഡയറക്ടര്‍ പി.എം ഷഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

date