Skip to main content

എല്ലാ കലാലയങ്ങളിലും യുവജനക്കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും : സംസ്ഥാന യുവജനക്കമ്മിഷന്‍

ലഹരി പോലുള്ള സാമൂഹിക വിപത്തുകള്‍ തടയുന്നതിന്  യുവജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും എല്ലാ കലാലയങ്ങളിലും യുവജനക്കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും സംസ്ഥാന യുവജനക്കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരക്കണക്കിന് യുവജനങ്ങളാണ് ലോണ്‍ ആപ്പ്, ഓണ്‍ലൈന്‍ ഗെയിമുകള്‍ പോലെയുള്ള  സൈബര്‍ കെണികളിലകപ്പെട്ട് പുറത്ത് പറയാനാകാതെ വിഷമിക്കുന്നത്. യുവാക്കളില്‍ ആത്മഹത്യ പ്രേരണ വര്‍ദ്ധിച്ചു വരുകയാണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പ്രശ്ന പരിഹാരത്തിനായി പഠനം നടത്തി സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി സംസ്ഥാനമെമ്പാടുമുള്ള  150 ഓളം വരുന്ന എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  നൂതന മാര്‍ഗങ്ങളിലൂടെ ലഹരിക്കെതിരായ കാമ്പയ്‌നില്‍  ഓരോരുത്തരും പങ്കാളികളാകണമെന്നും ചെയര്‍മാന്‍ പറഞ്ഞു.  യോഗത്തില്‍ യുവജനക്കമ്മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ശരത്ത് എം. എസ്  അധ്യക്ഷത വഹിച്ചു.
യുവാക്കളില്‍ ഉയര്‍ന്നു വരുന്ന ലഹരിയുടെ ഉപയോഗം, ലോണ്‍ ആപ്പുകളില്‍ അകപ്പെട്ട്  പോകുന്നവര്‍, യുവാക്കളിലെ ആത്മഹത്യ പ്രേരണ, തൊഴിലിടങ്ങളില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, തൊഴില്‍ ലഭ്യത എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജനക്കമ്മിഷന്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ജില്ലയിലെ വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വിസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിച്ചത്.
  യോഗത്തില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, ജില്ലാ കോഓര്‍ഡിനേറ്റര്‍ അനൂപ് ബി, വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date